Sunday, May 12, 2024
spot_img

കോൺഗ്രസ് പ്രവർത്തക സമിതി രാവിലെ, രാഹുൽഗാന്ധിയുടെ പിൻഗാമി ഇന്ന്

ദില്ലി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും.രാവിലെ 10.30 നാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് അദ്ധ്യക്ഷനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പുതിയ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും വരെ ഇടക്കാല അദ്ധ്യക്ഷനെ നിയമിക്കാനാണ് നേതാക്കൾക്കിടയിൽ ധാരണയായതെന്നാണ് സൂചന.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് രാഹുൽഗാന്ധി. മികച്ച സംഘാടകനെന്ന് പേരുകേട്ട മുകുൾ വാസ്നിക്കിന് പാർട്ടിയുടെ സംഘടനാദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്. നരസിംഹ റാവു, മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ്. മുകുൾ വാസ്നിക്ക് അല്ലെങ്കിൽ കഴി‌ഞ്ഞ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജ്ജുന ഖാർഗെ വന്നേക്കും. സംഘടനാ തിരഞ്ഞെടുപ്പ് വരെ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മേഖല തിരിച്ച് സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ, സുഷ്മിത ദേവ് എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ മേയ് 25ന് ചേർന്ന പ്രവർത്തകസമിതിയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. പ്രവർത്തക സമിതി ഏകകണ്ഠമായി ഇത് തള്ളിയെങ്കിലും രാജിയിൽ ഉറച്ച രാഹുൽ ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിടുകയായിരുന്നു

Related Articles

Latest Articles