Wednesday, May 15, 2024
spot_img

ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകൾ പൂർത്തിയായി ; ചടങ്ങിൽ പങ്കെടുത്തത്‌ വിവിധ രാജ്യങ്ങളിൽ നിന്നും 2000 അതിഥികൾ

ലണ്ടൻ :ലോകം ശ്രദ്ധിച്ച ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ പൂർത്തിയായി. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചു. പിന്നാലെ കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. കിരീടധാരണത്തിന് ശേഷം അടുത്ത കിരീടവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു.കിരീടധാരണ ചടങ്ങുകൾക്ക് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് ചാൾസ് രാജാവും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിലേക്ക് മടങ്ങിയെത്തി.

കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് കിരീടധാരണ ചടങ്ങ് നടന്നത്. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതിനു പിന്നാലെയാണ് കിരീടധാരണ ചടങ്ങുകൾക്ക് പ്രാരംഭമായത്. വിവിധ രാജ്യങ്ങളിൽ നിന്നും 2000 അതിഥികളാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ എന്നിവർ പങ്കെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇതിന് മുൻപ് നടന്ന 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾക്കിടയിലും ഇത്തവണ എത്തിയത് അവിസ്മരണീയ കാഴ്ചയായി. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles