തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്താന്‍ആരോഗ്യ സര്‍വകലാശാലയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ കോളേജ് പ്രിൻസിപ്പലിന്‍റെയും അദ്ധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.
സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾക്ക് കോളേജിൽ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ അത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്നുമാണ് ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകിയിരിക്കുന്നത്. ആരോപണ വിധേയരായ വിദ്യാർത്ഥിനികളെ അടുത്ത ദിവസം ചോദ്യം ചെയ്യും. ലോഗ് ബുക്ക് കാണാതായതും ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതുമൊക്കെ തർക്കം രൂക്ഷമാക്കിയിരുന്നു. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് നിഗമനം. ഫോൺ കോൾ രേഖകൾ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു.

