Saturday, May 18, 2024
spot_img

തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മല വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റിൽ കുളിക്കാനിറങ്ങിയത് . പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്.

മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് അപകടത്തിൽ പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ എത്തി മറ്റുമുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു.

Related Articles

Latest Articles