Tuesday, November 3, 2026

തെളിവായത് സ്വർണപ്പല്ലുകൾ!! പതിനഞ്ച് വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ തന്ത്രപരമായി പിടികൂടി

ഗാന്ധിനഗർ: പതിനഞ്ച് വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ വഞ്ചന കേസ് പ്രതി ഒടുവിൽ പിടിയിൽ.38 കാരനായ പ്രവീൻ അഷുബ ജഡേജയാണ് അറസ്റ്റിലായത്. വഞ്ചനാകേസിൽ അറസ്റ്റിലായ പ്രതി ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

2007ൽ തുണിക്കച്ചവടക്കാരിൽ നിന്ന് ഇയാൾ 40,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് പണം കളവ് പോയതായി ഇയാൾ കച്ചവടക്കാരെ അറിയിച്ചു. തുടർന്നുള്ള അന്വേണത്തിൽ ഇയാൾ തന്നെയാണ് പണം തട്ടിയതെന്ന് വ്യക്തമായി.തുടർന്ന് വഞ്ചനാകുറ്റത്തിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.എന്നാൽ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വർണ്ണ പല്ലുകൾ മാത്രമായിരുന്നു ഇയാളെ കണ്ടെത്താനുള്ള ഏക അടയാളം. ജഡേജയോടൊപ്പം ജോലി ചെയ്തിരുന്ന ഒരാൾ ഇയാൾ മാണ്ഡവി ജില്ലയിലുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് യൂണിക് ഐഡന്റിഫികേഷൻ അഥോറിറ്റിയുടെ സഹായത്തോടെ ഇതേ പേരും വയസുമുള്ള ആളുകളുടെ പട്ടിക തയ്യാറാക്കി. ഇതിൽ മാണ്ഡവിയിലെ പച്ചക്കറി കച്ചവടക്കാരന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്ക് രണ്ട് സ്വർണ്ണ പല്ലുകളും ഉണ്ടായിരുന്നു.തുടർന്ന് എൽ.ഐ.സി ഏജന്റാണെന്ന വ്യാജേന പോലീസ് ജഡേജയെ ഫോൺ വിളിക്കുകയും പോളിസി കലാവധി കഴിഞ്ഞെന്നും പണം ലഭിക്കുന്നതിന് ഒപ്പ് ഇടണമെന്നും പറയുകയുമായിരുന്നു. ഒപ്പിടാനായി എത്തിയ ജഡേജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പരാതിക്കാർ തിരിച്ചറിഞ്ഞതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles