ദില്ലി : അമ്മ സുധാ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ കൂട്ടത്തിൽ.എന്നാൽ അതിഥികളുടെ കൂട്ടത്തിൽ നിന്ന് പുഞ്ചിരിക്കുന്ന മുഖം ബ്രിട്ടന്റെ പ്രഥമ വനിതയുടേതാണ് എന്ന് തിരിച്ചറിഞ്ഞതോടെ അക്ഷതയെ മുന്‍നിരയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഒപ്പമിരുത്തി.
ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ നാരായണ മൂർത്തിക്കും മകൻ റോഹൻ മൂർത്തിക്കും സഹോദരി സുനന്ദ കുൽക്കർണിക്കുമൊപ്പം മധ്യഭാഗത്തെ സീറ്റുകളിലാണ് അക്ഷതയും ഇരിപ്പിടം കണ്ടെത്തിയിരുന്നത്.
മുൻസീറ്റിലേക്കു മാറിയ അക്ഷതയുടെ ഒരു വശത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമാണ് ഇരുന്നത്. എസ്. ജയശങ്കറിന് അരികെ ഇരുന്നാണ് അവർ പരിപാടിയിൽ പങ്കെടുത്തത്. അക്ഷതയ്ക്കൊപ്പം ബ്രിട്ടിഷ് സർക്കാരിന്റെ സുരക്ഷാസേന ഉണ്ടായിരുന്നില്ല.

