Tuesday, May 21, 2024
spot_img

കലിയുഗത്തിലെ ആദ്യ പ്രപഞ്ചയാഗത്തിന് ഇന്ന് പരിസമാപ്തിയാകും; നേപ്പാൾ പശുപതിനാഥ് ക്ഷേത്ര പുരോഹിതപ്രമുഖൻ ഗണേഷ് ഭട്ട് യാഗഭൂമിയിലെത്തി; യാഗാവസാനവും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് പൗർണ്ണമിക്കാവിൽ വൻഭക്തജനത്തിരക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരീ ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രപഞ്ചയാഗത്തിന് ഇന്ന് പരിസമാപ്തിയാകും. കഴിഞ്ഞ മാർച്ച് 31 നാണ് പ്രപഞ്ചയാഗത്തിന് അരണികടഞ്ഞ് തിരികൊളുത്തിയത്. ഇതോടെ ഏഴുദിവസം നീണ്ടുനിന്ന കലിയുഗത്തിലെ ആദ്യ പ്രപഞ്ചയാഗം ചരിത്രത്തിന്റെ ഭാഗമാകും. 51 ശക്തിപീഠങ്ങളിൽ നിന്നുള്ള 252 ആചാര്യന്മാരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഹിമാലയ സാനുക്കളിൽ തപസ്സനുഷ്ഠിക്കുന്ന അഘോരി സന്യാസി സ്വാമി കൈലാസപുരിയാണ് മുഖ്യ യാഗാചാര്യൻ. യാഗാവസാനവും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് രാവിലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാമാസവും പൗർണ്ണമിനാളിൽ മാത്രമാണ് ക്ഷേത്രനട തുറക്കാറുള്ളത്. പ്രപഞ്ചയാഗം നേരിൽക്കാണുന്നതിനും സമർപ്പണ ഹോമത്തിൽ പങ്കുചേരുന്നതിനും വൻ ഭക്തജനത്തിരക്ക് കഴിഞ്ഞ ആറു ദിവസങ്ങളിലും അനുഭവപ്പെട്ടത്. 41 വിശേഷാൽ പൂജകളാണ് ഇന്ന് യാഗശാലയിൽ നടക്കുക. രാത്രി ഒൻപത് മണിക്ക് നടക്കുന്ന ഗുരുസിയോടെ യാഗം അവസാനിപ്പിച്ച് ക്ഷേത്ര നടയടക്കും. ഇന്ന് നടയടച്ചാൽ പിന്നെ അടുത്ത പൗർണ്ണമി ദിവസമായ മെയ് അഞ്ചിന് മാത്രമേ നടതുറക്കൂ .

നേപ്പാൾ പശുപതിനാഥ് ക്ഷേത്രത്തിലെ പുരോഹിത പ്രമുഖൻ ഗണേഷ് ഭട്ട് ഇന്ന് യാഗശാലയിൽ എത്തിച്ചേർന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പൂർണ്ണകുംഭം നൽകി അദ്ദേഹത്തിന് യാഗശാലയിലേക്ക് ആചാരപരമായ സ്വീകരണമൊരുക്കി. മാതാ അമൃതാന്ദമയി മഠത്തിൽ നിന്നുള്ള സന്ദേശവുമായി ഒരു സന്യാസിവര്യനും ഇന്ന് പൗർണ്ണമിക്കാവിലെത്തി. കേന്ദ്രമന്ത്രി പർഷോത്തം രൂപാല, ഐ എസ് ആർ ഒ ചെയർമാൻ ഡോ സോമനാഥ്, ലോക്‌സഭാ എം പി എ എം ആരിഫ്, ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ഐ എസ് ആർ ഒ മുൻ ഡയറക്ടർ ഡോ മാധവൻ നായർ, ഡിജിപി ബി സന്ധ്യ, ബിജെപി നേതാക്കളായ സി കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ യാഗശാല സന്ദർശിച്ചു.

Related Articles

Latest Articles