വാഷിംഗ്ടൺ : ഇറാനിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണിയെ പരിഹസിച്ച് ഇറാൻ. ട്രമ്പിന്റെ 48 മണിക്കൂർ അന്ത്യശാസനം നിസ്സഹായാവസ്ഥയിൽ നിന്നുള്ള വിവേകശൂന്യമായ നടപടിയാണെന്ന് ഇറാൻ പരിഹസിച്ചു. സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ളവ തകർക്കുമെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്. ഇതിന് മറുപടിയായി അമേരിക്കയുടെ നടപടി നരകത്തിന്റെ വാതിലുകൾ തുറക്കുന്നതിന് തുല്യമായിരിക്കുമെന്ന് ഇറാൻ ജനറൽ അലി അബ്ദുള്ളാഹി അലിഅബാദി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതും സമാധാന കരാറും സംബന്ധിച്ച തർക്കമാണ് നിലവിൽ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ഏപ്രിൽ ആറാം തീയതി രാത്രിയോടെ കാലാവധി അവസാനിക്കുന്ന അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലെ ദേശീയ ആസ്തികൾ ലക്ഷ്യമിട്ടാൽ പശ്ചിമഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യം കടുത്ത വെല്ലുവിളി നേരിടുമ്പോൾ അക്രമികൾക്ക് തക്കതായ മറുപടി നൽകാൻ തങ്ങളുടെ സായുധ സേനയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ലെന്നും ഖാതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തെ പ്രതിനിധീകരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക – ഇസ്രായേൽ സൈനിക നീക്കം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മൂവായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇരുവശത്തുനിന്നും ശക്തമായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇറാന്റെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ബുഷെർ ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ ആണവനിലയത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ റേഡിയോ ആക്ടീവ് വികിരണങ്ങൾക്ക് കാരണമാകുമെന്നും അത് ഗൾഫ് രാഷ്ട്രങ്ങളെപ്പോലും സാരമായി ബാധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി.
ട്രമ്പ് നൽകിയ പത്ത് ദിവസത്തെ സാവകാശം അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങൾ വലിയ ഉത്കണ്ഠയോടെയാണ് സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക രംഗത്തെയും ബാധിക്കാനിടയുണ്ട്. ഇതിനിടെ ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങളെ യുഎസ് അറസ്റ്റ് ചെയ്തതും ഒരു അമേരിക്കൻ പൈലറ്റിനെ കാണാതായതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ട്രംപിന്റെ നീക്കങ്ങൾ എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

