Saturday, May 4, 2024
spot_img

ഭര്‍ത്താവിനെ കൊലപ്പെടുത്തിയക്കേസിൽ പിടിയിലായ ഭാര്യയുടെ ഗൂഗിൾ സേർച്ച് ഹിസ്റ്ററി പുറത്ത്; വിവാഹം കഴിക്കുന്നവർ ഇനി രണ്ടാമതൊന്ന്കൂടി ആലോചിക്കും

വാഷിങ്ടന്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയകേസിൽ പിടിയിലായ അമേരിക്കന്‍ യുവതിയുടെ ഫോൺ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ‘സമ്പന്നര്‍ക്കായുള്ള ആഡംബര ജയിലുകളെ’ കുറിച്ച് ഇവർ ഗൂഗിളില്‍ പരതിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഫെന്റനൈല്‍ എന്ന രാസവസ്തു വലിയ അളവിൽ ഉള്ളില്‍ ചെന്ന് എറിക് റിച്ചിന്‍സ് എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ, ഇയാളുടെ മുപ്പത്തിമൂന്നുകാരിയായ ഭാര്യ കൗറി റിച്ചിന്‍സിന്റെ ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയിലെ ഉട്ട എന്ന പ്രദേശത്തെ ജയിലുകളെക്കുറിച്ചും അമേരിക്കയിലെ ആഡംബര ജയിലുകളെക്കുറിച്ചുമാണ് കൗറി പ്രധാനമായി ഗൂഗിളില്‍ തിരഞ്ഞെിരിക്കുന്നത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ, ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കണം, പൊലീസിന് ഒരാളെ നിര്‍ബന്ധിച്ച് നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കഴിയുമോ, മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം മാറ്റിയെഴുതാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് കൗറിയുടെ സേർച്ച് ഹിസ്റ്ററി മുഴുവൻ. വിചാരണയ്ക്കിടെ ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ കൗറി സമൂഹത്തിന് അപകടമാണെന്നും അവര്‍ ജയിലില്‍ തന്നെ കഴിയട്ടെ എന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം മാര്‍ച്ചില്‍ രാത്രി ഏറെ വൈകി കൗറി പൊലീസില്‍ വിളിച്ച് തന്റെ ഭര്‍ത്താവിന്റെ ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുകയാണെന്ന് പറയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ഭര്‍ത്താവിനു താന്‍ വോഡ്ക നല്‍കി മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹത്തെ ബോധരഹിതനായി കണ്ടുവെന്നുമാണ് കൗറി പറഞ്ഞത്. അധികം വൈകാതെ എറിക് മരണത്തിന് കീഴടങ്ങി.

വൈദ്യപരിശോധനയില്‍ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഫെന്റനൈല്‍ എത്തിയതാണ് എറിക്കിന്റെ മരണകാരണമെന്നു കണ്ടെത്തി. മരണകാരണമാകാവുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് രാസവസ്തു മരണ സമയത്ത് എറിക്കിന്റെ ശരീരത്തിലുണ്ടായിരുന്നു. വേദനയ്ക്കുള്ള മരുന്നിന്റെ കുറിപ്പടി ആവശ്യപ്പെട്ട് കൗറി ഒരാള്‍ക്കു സന്ദേശമയച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആദ്യം ലഭിച്ചതിനേക്കാള്‍ കുറച്ചുകൂടി തീവ്രതയുള്ള മരുന്നു വേണമെന്നായിരുന്നു സന്ദേശം. മൂന്നുദിവസത്തിനു ശേഷം എറിക്കിനു ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതിന് രണ്ടാഴ്ചയ്ക്കു ശേഷം കൗറി ഫെന്റനൈല്‍ വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

Related Articles

Latest Articles