Friday, May 17, 2024
spot_img

സിവിക്‌ ചന്ദ്രൻ കേസിലെ വിവാദ പരാമർശം; കോഴിക്കോട് സെഷൻസ് ജഡ്ജിന്റെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോഴിക്കോടിലെ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ എടുത്ത നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. സ്ഥലംമാറ്റത്തിനെതിരെ സെഷൻസ് ജഡ്ജ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് എസ്.കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മൊഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഇരു വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്.കൃഷ്ണകുമാറിന്‍റെ വാദം. മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചു.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു സെഷൻസ് ജഡ്ജിന്റെ വിവാദ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.

Related Articles

Latest Articles