Saturday, May 4, 2024
spot_img

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ : ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമമെന്നാണ് വിവരം. കഴിഞ്ഞ മാസം 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് രാമനാഥപുരം കാവേരി നഗറിൽ കവിത (36) ഭർത്താവ് ശിവകുമാറിന്റെ ആസിഡ് ആക്രമണത്തിനിരയായത് . ആക്രമണത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കവിത, ഇന്നലെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു.

മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുൻപു പ്രണയിച്ചു വിവാഹം കഴിച്ചശേഷം തമിഴ്നാട്ടിലേക്ക് കുടിയേറിയവരാണ്. ലോറി ഡ്രൈവറാണ് ശിവകുമാർ. ദമ്പതികൾക്ക് പതിനഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ട്. 2016 ൽ ബസിൽ വച്ചു ആഭരണം കവർന്ന കേസിൽ കവിത ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങുകയും ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് കുറെ നാള്‍ ശിവകുമാർ കവിതയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെയാണ് മാർച്ച് 23ന് കവർച്ചക്കേസിൽ ഹാജരാകാനായി കവിത കോടതിയിൽ എത്തിയത്. ഇതറിഞ്ഞ് ശിവകുമാറും മക്കളും കോടതിയിലെത്തി. പഴയതെല്ലാം മറന്ന് വീണ്ടും ഒപ്പം താമസിക്കാൻ ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ, മറുപടി പറയാതെ കോടതി മുറിയിലേക്കു പോകാൻ ശ്രമിച്ചപ്പോഴാണ് ശിവകുമാർ ഒളിപ്പിച്ചുവച്ചിരുന്ന ആസിഡ് എടുത്ത് കവിതയുടെ ദേഹത്ത് ഒഴിച്ചത്.

പ്രതിരോധിക്കാൻ ശ്രമിച്ച അഭിഭാഷകയുടെ ഗൗൺ ആസിഡ് വീണു കരിഞ്ഞുപോയി. ഗുരുതരമായി പൊള്ളലേറ്റ കവിതയെ നിരവധി പ്ലാസ്റ്റിക് സർജറികൾക്ക് വിധേയയാക്കിയെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള ശിവകുമാറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. കവിതയുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

Related Articles

Latest Articles