Wednesday, May 22, 2024
spot_img

ക്യാമറ വിവാദം; വിവാദബന്ധം സ്ഥിരീകരിച്ച് ട്രോയിസ് ഇൻഫോടെക് മേധാവി

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിവാദമായ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് ഇൻഫോടെക് കമ്പനി മാനേജിങ് ഡയറക്ടർ ടി.ജിതേഷ്. എസ്ആർഐടിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയിസ് സമ്മതിച്ചത്. ക്യാമറ പദ്ധതിയിൽ നേരിട്ട് ബന്ധമില്ലെങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ട്രോയിസ് ഇൻഫോടെക്.

എസ്ആർഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ഊരാളുങ്കലും എസ്ആർഐടിയും ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായാണ് ജിതേഷ് സമ്മതിച്ചത്. 2018ൽ ട്രോയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലെന്നും ജിതേഷ് പറഞ്ഞു.

ഇതോടെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ശക്തിപ്പെടുകയാണ്. അതേസമയംപദ്ധതി രേഖകൾ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിനു പിന്നാലെ 5 രേഖകൾ കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ടെൻഡർ ഡോക്യുമെന്റും എസ്ആർഐടിയുമായുള്ള കരാറുമുൾപ്പെടെയുള്ള രേഖകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. എന്നാൽ മറ്റു സ്വകാര്യ കമ്പനികളുടെ ഇടപാടും ക്യാമറയുടെ വില വ്യക്തമാക്കുന്ന പർച്ചേസ് ഓർഡർ പോലുള്ള രേഖകളും നിലവിൽ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles