Friday, May 17, 2024
spot_img

‘പരിക്കേറ്റ അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല; വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല; പ്രാഥമിക ചികിത്സ പോലും നൽകാതെ ഇത്രയധികം ദൂരം വന്ദനയെ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നു?’ സംസ്ഥാന പോലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ

ദില്ലി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്തിൽ സംസ്ഥാന പോലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ആക്രമണ സമയത്ത് പോലീസ് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ട്. വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

പരിക്കേറ്റ ഒരു അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ വിമർശിച്ചു. വന്ദന ക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.

കേരളാ പോലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. പോലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പോലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.

Related Articles

Latest Articles