Sunday, May 5, 2024
spot_img

ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്‌ത്തിയിരിക്കുന്നു! ഐഎസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി

കൊച്ചി: ഭീകരസംഘടനയായ ഐഎസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്(കെസിബിസി). ഐഎസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകരില്‍ രണ്ടു പേരാണ് രണ്ടു മാസത്തിനിടെ പിടിയിലായിട്ടുള്ളത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഐഎസ് എന്ന ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്‌ത്തിയിരിക്കുന്നു എന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസാരവല്‍ക്കരിക്കാന്‍ കഴിയില്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവര്‍ത്തകര്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടെന്നും അവര്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഐക്യരാഷ്‌ട്ര സഭയുടേതുള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടിരുന്നു.

എന്നിട്ടും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം ഭീകരവാദ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരോ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ ശ്രദ്ധിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര സംഘടനകള്‍ അടുത്ത കാലത്തായി നിരോധിക്കപ്പെടുകയും ആയുധ പരിശീലനം നല്‍കിയെന്നാരോപിച്ച് മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും, തീവ്രചിന്തകള്‍ വളര്‍ത്തി നാടിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ നിര്‍ബാധം തുടരുകയാണ്. തീവ്രവാദ സംഘടനകളുടെ പിന്‍ബലത്തോടെയുള്ള കളളപ്പണ ഇടപാടുകളും സ്വർണ്ണക്കടത്തും മയക്കുമരുന്ന് വ്യാപാരവും ഇന്നും കേരളത്തില്‍ അഭംഗുരം തുടരുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമ്പാദന മാര്‍ഗങ്ങളാണ് ഇത്തരം ഇടപാടുകളെന്ന് അന്താരാഷ്‌ട്ര സംഘടനകള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും കേരളത്തില്‍ അത്തരത്തിലുള്ള അന്വേഷണങ്ങളോ നടപടികളോ ഉണ്ടാകുന്നില്ല എന്നുള്ളത് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയാവസ്ഥയെ തുറന്നു കാണിക്കുന്നു എന്ന് കെസിബിസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles