Tuesday, April 30, 2024
spot_img

വിവാദങ്ങൾക്കിടെ ‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്;നിരോധനാവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ദി കേരള സ്റ്റോറി സിനിമ ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദേശിച്ച 7 മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദ്യ ദിനം കേരളത്തിൽ 21 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം ദി കേരള സ്റ്റോറി നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ തീരുമാനം. ജമാഅത്ത് ഉലമാ ഇ ഹിന്ദ് ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹർജിക്കാരോട് അതാത് ഹൈക്കോടതികളെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.

ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് തീരുമാനത്തിനെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്. മാത്രമല്ല അപ്പീലിൽ അടിയന്തരവാദം കേൾക്കാൻ കേരളാ ഹൈക്കോടതിക്ക് നിദേശം നൽകണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. നിർമാതാവ്, അഭിനേതാക്കൾ തുടങ്ങി സിനിമയ്ക്കായി പ്രവർത്തിച്ചവരുടെ അധ്വാനം കാണാതിരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേരളത്തിൽ നിന്നും 32000 പെൺകുട്ടികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന പരാമർശമടങ്ങിയ ടീസർ പുറത്തുവന്നതോടെയാണ് ചിത്രം റിലീസിന് മുൻപേ വിവാദമാകുന്നത്. ചിത്രത്തിനെതിരെ കേരള സർക്കാരും പ്രതിപക്ഷ മുന്നണികളും ഉൾപ്പെടെ രംഗത്തുവന്നിരുന്നു.

Related Articles

Latest Articles