Friday, May 17, 2024
spot_img

ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികൾ ! സവാദ് ഒന്നാം പ്രതിയാകുന്നത് തന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിൽ ! കൈവെട്ടു കേസിലെ ഒന്നാം പ്രതി സവാദ് 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായതിൽ പ്രതികരിച്ച് ഇര പ്രൊഫ. ടി.ജെ ജോസഫ്

കൊച്ചി : മതനിന്ദ ആരോപണവുമായി തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായതിൽ പ്രതികരിച്ച് സംഭവത്തിലെ ഇര പ്രൊഫ. ടി.ജെ ജോസഫ്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിന്റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താൽപര്യമൊന്നുമില്ലെന്നും തന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് നിയമവ്യവസ്ഥയിൽ സവാദ് ഒന്നാം പ്രതിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികളെന്നും കേസിന്റെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

“തന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് നിയമവ്യവസ്ഥയിൽ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിന്റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താൽപര്യമൊന്നുമില്ല. നിയമസംവിധാനത്തെ ആദരിക്കുന്നയാൾ എന്ന നിലയിൽ സന്തോഷമുണ്ട്. എന്തായാലും 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതിൽ നിയമപാലകർക്ക് അഭിമാനിക്കാം. അവർക്ക് സമാധാനിക്കാം. ഈ കേസിൽ വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.

കേസിന്റെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് ചെന്ന് എത്താത്തിടത്തോളം ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാനാകില്ല. അവരുടെ പടയാളികൾ ആയുധമായി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ അടിസ്ഥാന ബുദ്ധി തടവിലാക്കപ്പെടാത്തത്തോളം സംഭവങ്ങൾ ആവർത്തിക്കും. ആശ്വസിക്കാവുന്ന കാര്യം മാത്രമാണ് സവാദിന്റെ അറസ്റ്റ്.

ആരുടെയോ നിർദ്ദേശം അനുസരിച്ച് പ്രതി കൃത്യം ചെയ്തു. മുറിവേൽപ്പിച്ചതിനാൽ സവാദിനോട് ദേഷ്യം ഇല്ല. പക്ഷെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് സങ്കടം. അന്നും ഇന്നും ഈ കാര്യത്തിനോടുള്ള നിലപാട് ഒന്ന് തന്നെയാണ്. ഇവർ കൈയ്യാളുകൾ മാത്രമാണ്. എന്നെ സംബന്ധിച്ച് ഇതൊരു ബാധ്യതയാണ് വീണ്ടും കോടതിയിൽ പോയി അതിന്റെ നടപടികൾക്ക് പിന്നാലെ നടക്കണം. മറ്റ് മൊഴി നൽകണം. കോടതിക്ക് പിന്നാലെ പോകണം. ചിന്തകൾ കൊണ്ടും വായനകൾ കൊണ്ടും ഞാനൊരു ദൈവ വിശ്വാസിയല്ല, ആയിരുന്നു നേരത്തെ. പ്രായം കൂടുമ്പോൾ മനോബലത്തിൽ കുറവാണ് സംഭവിക്കാറ്. എന്നെ സംബന്ധിച്ച് ആ മനോബലം കൂടുതലാണ്. ” പ്രൊഫ. ടി.ജെ ജോസഫ് പറഞ്ഞു.

കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്തുള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിലായാരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു.അന്വേഷണ ഏജൻസി നേപ്പാളിലും പാകിസ്ഥാനിലും ദുബായിലും ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles