Friday, May 17, 2024
spot_img

വീണ്ടും തീവ്രവാദ പരമ്പരകൾ!? ബെംഗളൂരുവില്‍ വന്‍ സ്ഫോടനത്തിന് ലക്ഷ്യമിട്ട മുഖ്യ സൂത്രധാരന്‍ തടിയന്‍റവിട നസീർ യഥാർത്ഥത്തിൽ ആര്?

ബെംഗളൂരു: നിരവധി തീവ്രവാദ, ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും, വിചാരണ പൂർത്തിയായ കേസുകളിൽ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോൾ തടവിൽ കഴിയുകയും ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് തടിയന്റവിട നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിടെ നസീർ. കാശ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008-ലെ ബംഗളുരു സ്ഫോടന പരമ്പര കേസ്, ഇ.കെ. നായനാർ വധശ്രമക്കേസ്, തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കാൻ ചെയ്ത കാച്ചപ്പള്ളി ജൂവലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുൾ നാസർ മദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന്റെ ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങിയവയാണ് ഇയാൾ ഉൾപ്പെട്ട പ്രധാന കേസുകൾ. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കർ-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇയാൾ എന്ന് പൊതുവേ കരുതപ്പെടുന്നു. മുൻ പി.ഡി.പി പ്രവർത്തകനും ആയിരുന്നു. മുൻ കേരളാ മുഖ്യമന്ത്രി ഇ.കെ നായനാർ വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷം ഉപാധികളോടേ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് ഇയാൾ. കേരളത്തിൽ നിന്നും മുസ്‌ലീം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവില്‍ അറസ്റ്റിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് തടിയന്‍റവിട നസീർ ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണർ ബി ദയാനന്ദ വ്യക്തമാക്കി. കർണാടക സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെ ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി. പിടിയിലായ സംഘം 2017 ല്‍ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ കേസില്‍ 18 മാസം പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന ഇവർ 2019ലാണ് പുറത്തിറങ്ങുന്നത്. ഈ സമയത്താണ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു തടിയന്റവിട നസീറുമായി ഇവർ ബന്ധം സ്ഥാപിക്കുന്നു. ഈ ബന്ധം വളരുകയും നസീറിന്റെ സ്വാധീനത്തിലാണ് സംഘം തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതെന്നും ദയാനന്ദ പറഞ്ഞു.

ഇപ്പോഴും ബെംഗളൂരു സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തടിയന്റവിട നസീറുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ വിദേശത്തുള്ള ജുനൈദ് എന്ന വ്യക്തിയാണ് ആയുധങ്ങള്‍ സംഘടിപ്പിച്ച് നൽകിയതെന്നും ദയാനന്ദ് പറഞ്ഞു. ജുനൈദിനെ കണ്ടെത്താൻ ബംഗളൂരു പൊലീസ് കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഏഴ് നാടൻ തോക്കുകൾ, 45 വെടിയുണ്ടകള്‍, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. 2019 ല്‍ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles