Sunday, April 28, 2024
spot_img

കായിക മേഖലയിലും ഇനി കാര്യം നടക്കും; 2036 ലെ ഒളിംപിക്സിൽ തിരുവനന്തപുരത്ത് നിന്നും കായികതാരങ്ങളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; നരേന്ദ്രമോദി സൂപ്പർ കപ്പ് ഫൂട്ട്ബോൾ ടൂർണമെന്റിന് ഏപ്രിൽ മൂന്നിന് തുടക്കമാകും

തിരുവനന്തപുരം: 2036 ലെ ഒളിംപിക്സിൽ തിരുവനന്തപുരത്ത് നിന്നും കായിക താരങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഏപ്രിൽ 3 ന് തലസ്ഥാനത്ത് ആരംഭിക്കുന്ന നരേന്ദ്രമോദി സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ, ജേഴ്‌സി പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയിൽ ധാരാളം യുവ കായിക പ്രതിഭകളുണ്ട്. മോശപ്പെട്ട ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ജീവിക്കുന്ന അവർക്ക് അവസരങ്ങളിലേക്കുയരാൻ ഒരു കൈ സഹായം ആവശ്യമാണ്. തീരദേശ മേഖലയിൽ അത്തരം പ്രതിഭകളെ നേരിട്ട് കാണാൻ സാധിച്ചു. അവരുടെ ഉന്നമനത്തിനായി ഏതറ്റംവരെയും പോകും. സാങ്കേതിക വിദ്യ, ടൂറിസം, ഫിഷറീസ്, ഭക്ഷ്യ സംസ്‌കരണം, കായിക മേഖല തുടങ്ങിയ അഞ്ചു ഘടകങ്ങൾ അടങ്ങിയതാണ് തലസ്ഥാന നഗരത്തെ കുറിച്ചുള്ള തന്റെ വികസന സങ്കല്പമെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയിലെ പ്രതിഭകളെ താഴെത്തട്ടിൽ കണ്ടെത്തുന്നതിന് നരേന്ദ്രമോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂണമെന്റ് സംഘടിപ്പിക്കും. ഏപ്രിൽ മൂന്ന് നാല് തീയതികളിലാണ് ടൂണമെന്റിന്റെ ആദ്യഘട്ടം നടക്കുക . രണ്ടാം ഘട്ടം ഏപ്രിൽ ആറ് ഏഴ് തീയതികളിൽ നടക്കും. രണ്ടു ഘട്ടങ്ങളിലും ഒന്നാം സ്ഥാനത്ത് വരുന്ന ടീമുകൾക്ക് 50000 രൂപയുടെയും രണ്ടാം സ്ഥാനത്തു വരുന്ന ടീമുകൾക്ക് 25000 രൂപയും ക്യാഷ് അവാർഡുകൾ ലഭിക്കും. 16 ടീമുകളാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നതെങ്കിലും ലഭിക്കുന്ന പ്രതികരണങ്ങൾ കൂടുതൽ ടീമുകൾ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. തലസ്ഥാനത്ത് വര്ഷങ്ങളായി കായിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ സ്പോർട്ട് ടൗൺ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുൻ സ്പോർട്ട്സ് കൗൺസിൽ അദ്ധ്യക്ഷ പത്മിനി തോമസ് തുടങ്ങിയവർ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Latest Articles