Monday, September 21, 2026

കുറ്റാരോപിതർക്ക് കുടപിടിക്കൽ നയം തുടർന്ന് സിപിഎം; വിജിലൻസ് കേസുകളിലെ പ്രതിയെ അടൂർ നഗരസഭാ ചെയർമാനാക്കാൻ നീക്കം;വിവാദം പുകയുന്നു

പത്തനംതിട്ട : വിവാദങ്ങൾ വിട്ടകലാതെ സംസ്ഥാനത്തെ സിപിഎം പാർട്ടി. അടൂർ നഗരസഭാ ചെയർമാനാക്കാൻ നീക്കം നടത്തുന്നതാണ് പുതിയ വിവാദത്തിനു കാരണം. രണ്ടു വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ എതിർപ്പുമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.

മരിച്ചുപോയ സ്ത്രീയുടെ പേരിൽ കള്ളപ്രമാണത്തിൽ എഗ്രിമെന്റ് വച്ച് സ്വന്തം പേരിൽ വാടക കരാർ ചമച്ചു നഗരസഭ ലൈസൻസ് എടുത്ത സംഭവം,ഈ വ്യക്തി കൗൺസിലറായിരുന്ന 2010 ൽ വലിയ വിവാദമായിരുന്നു. വിവിധ കോളനികളിലെ പട്ടികജാതിക്കാർക്കു കരഭൂമിക്കു പകരം പുതിയ വയൽ വാങ്ങി നൽകി പറ്റിച്ചു പണം തട്ടിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലൻസ് കേസ്.ഇയാളുടെ വീട്ടിൽ നിന്നു നഗരസഭാ സെക്രട്ടറി, തഹസീൽദാർ, വില്ലേജ് ഓഫിസർ, സപ്ലൈ ഓഫിസർ തുടങ്ങിയവരുടെ സീലുകൾ റെയ്ഡിൽ കണ്ടെടുത്തിരുന്നെങ്കിലും വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഇയാൾ ഒതുക്കിത്തീർത്തു. ഗുണഭോക്താക്കളുടെ വ്യാജ പട്ടിക നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ചതു തടഞ്ഞ ജീവനക്കാരിയെ മർദിച്ച സംഭവവുമുണ്ടായി. പാർട്ടി ജില്ലാ സെക്രട്ടറി ഇടപെട്ട് ഇയാളെക്കൊണ്ടു ജീവനക്കാരിയോടു മാപ്പു പറയിച്ചാണു പ്രശ്നം ഒത്തു തീർപ്പിലെത്തിച്ചത് .വിവാദ നായകൻ ചെയർമാൻ ആകുമെന്നറിഞ്ഞതോടെ നഗരസഭയിലെ 15ൽ അധികം ജീവനക്കാർ സ്ഥലമാറ്റ അപേക്ഷ നൽകിയെന്നും കത്തിൽ പറയുന്നു.

Related Articles

Latest Articles