തിരുവനതപുരം ; പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി . കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തലയ്ക്കടിയേറ്റാണ് ഇവർ മരിച്ചതെന്ന് സ്ഥിരീകരിച്ചു. നവംബർ 30 നാണ് സ്മിതാകുമാരിയുടെ മരണം നടന്നത്. കൊലപാതക സാധ്യത തള്ളികളയാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഒരു മാസമായിട്ടും ദുരൂഹത മാറാത്തതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. സ്മിതാകുമാരിയുടെത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്മിതാകുമാരിയെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ വാര്‍ഡില്‍ വച്ച് പ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റിയത്. നവംബർ 27 ഞായറാഴ്ച്ച പുലർച്ചെ ആശുപത്രിയിൽ കൊണ്ടുവന്ന ഇവരെ ചൊവ്വാഴ്ച്ച വൈകിട്ടോടെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

