Sunday, April 28, 2024
spot_img

ആശുപത്രി അധികൃതരുടെ വൻ അനാസ്ഥ! ശ്വാസ തടസമുള്ള രോഗിക്ക് റാമ്പ് തുറന്ന് നൽകിയില്ല: പടികൾ കയറുന്നതിനിടെ 56 കാരൻ കുഴഞ്ഞുവീണു മരിച്ചു

കൊട്ടാരക്കര: ശ്വാസ തടസമുള്ള രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി.രാധാകൃഷ്ണൻ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മരിച്ചത്. രോഗിയെ ഐ.സി.യു.വിൽ നിരീക്ഷണത്തിലാക്കുകയോ വാർഡിലേക്ക് കൊണ്ടുപോകാൻ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനൽകുകയോ ചെയ്തില്ല എന്നാണ് ഉയരുന്ന പരാതി.

പടികൾ നടന്നുകയറേണ്ടിവന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നുകാട്ടി ബന്ധുക്കൾ ആശുപത്രി അധികൃതർക്കും പോലീസിലും പരാതി നൽകി. രാധാകൃഷ്ണന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി ഒന്നരയോടെ മകനും അയൽവാസികളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ മരുന്ന്‌ കുത്തിവയ്ക്കുകയും അഡ്മിറ്റാകാൻ പറഞ്ഞു.

എന്നാൽ, മെയിൽ വാർഡിൽ മുകൾനിലയിലായിരുന്നു. ഇവിടെ ലിഫ്റ്റ്‌ ഇല്ല. വീൽചെയറിൽ ഇരുത്തി കൊണ്ടുപോകാൻ റാമ്പിനടുത്തെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ താക്കോൽ കാണാനില്ലെന്നായിരുന്നു മറുപടി. രോഗി വാർഡിലേക്കുള്ള പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം തിരിച്ചിറക്കുമ്പോൾപ്പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നു.

Related Articles

Latest Articles