Sunday, May 12, 2024
spot_img

സീതത്തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലികുട്ടി ചുണകുട്ടിയായി! ചികിത്സയ്ക്ക് ശേഷം തിരികെ വനത്തിലേക്ക്

കൊച്ചുകോയിക്കൽ: പത്തനംതിട്ട സീതത്തോട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് തിരികെ ഉൾവനത്തിൽ വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ടുമാസം പ്രായമായ പെൺപുലിയെ കൊച്ചുകോയിക്കൽ സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. വലത് കയ്യിൽ അടക്കം പരിക്ക് ഉണ്ടായിരുന്ന നിലയിലായിരുന്നു പുലിക്കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലിക്കുട്ടിക്ക് കനെയ്ന്‍ ഡിസ്റ്റെംപര്‍ എന്ന അസുഖമാണെന്ന് കണ്ടെത്തിയത്.

വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് ഇത്. ഇതോടെ ചികിത്സയ്ക്ക് ശേഷമാണ് കാടിനുള്ളില്‍ 30 കിലോമീറ്റർ ഉള്ളിലായി അപ്പർ മൂഴിയാർ വനത്തിൽ കൊണ്ടു വിട്ടത്. കഴിഞ്ഞ ദിവസം നെന്മാറ അയിലൂരില്‍നിന്നും അവശനിലയില്‍ പിടികൂടി തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയ്ക്കായി എത്തിച്ച പുലിക്കുട്ടിയും ആരോഗ്യം വീണ്ടെടുക്കുകയാണ്. ലിയോ എന്നാണ് പുലിക്കുട്ടിക്ക് പേരും നല്‍കിയിരിക്കുന്നത്. അയിലൂര്‍ കരിമ്പാറ പൂഞ്ചേരിയിലെ റബര്‍ തോട്ടത്തില്‍ അമ്മയുപേക്ഷിച്ച നിലയില്‍ അവശനിലയില്‍ കണ്ടെത്തിയ ഒരു വയസില്‍ താഴെ പ്രായമുള്ള ആണ്‍ പുലിക്കുട്ടിയാണ് ലിയോ.

വനംവകുപ്പ് പിടികൂടി മണ്ണുത്തി വെറ്ററിനറി സര്‍വകലശാല മുഖേനയാണ് തുടര്‍ചികിത്സയ്ക്കായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. ലിയോ ചുണക്കുട്ടനായി മാറിയെന്ന് സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നു. സുവോളജിക്കല്‍ പാര്‍ക്കിലെ ഡോക്ടറുടെയും അനിമല്‍ കീപ്പര്‍മാരുടെയും ക്യുറേറ്ററുടെയും പരിഗണന ലഭിക്കുന്നതിനാല്‍ ലിയോ കൂടുതല്‍ ഉഷാറായി. ഏവരുടെയും അരുമയുമാണ്. പാര്‍ക്കിലെ മൃഗാശുപത്രിയിലെ ഇന്‍ പേഷ്യന്റ് വാര്‍ഡിലാണ് ലിയോ പരിചരണത്തില്‍ കഴിയുന്നത്. നട്ടെല്ലിന് ഒടിവുള്ളതിനാല്‍ നടത്തത്തില്‍ വേഗക്കുറവുണ്ട്. ഇഷ്ടഭക്ഷണമായ പോത്തിറച്ചി നല്‍കുന്നുണ്ട്. മരുന്നുകള്‍ തുടരുന്നതിനാല്‍ വേഗം സുഖം പ്രാപിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

Related Articles

Latest Articles