Monday, April 29, 2024
spot_img

ഓസ്‌ട്രേലിയൻ റൺ മലയ്ക്ക് മുന്നിൽ പകച്ച് വീണ് നെതർലൻഡ്സ്! കങ്കാരുക്കളുടെ വിജയം  309 റൺസിന്

ദില്ലി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ റെക്കോർഡ് വിജയവുമായി മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. കങ്കാരുക്കൾ ഉയർത്തിയ 400 റൺസ് എന്ന കൂറ്റൻ റൺമല പിന്തുടർന്ന നെതർലൻഡ്സ് 21 ഓവറിൽ 90 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. റൺസ് അടിസ്ഥാനത്തിൽ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്.  നെതർലൻഡ്സിന്റെ ലോഗൻ വാൻ ബീക്, റിലോഫ് വാൻ ഡെർ മെർവ്, പോൾ വാൻ മീകെരെൻ എന്നിവർ പൂജ്യം റൺസിനാണ് പുറത്തായത്. 25 റൺസ് എടുത്ത വിക്രം സിങ് ആണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 399 റൺസ് നേടിയത്. 

ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്പിന്നർ ആദം സാംപ നാല് വിക്കറ്റും മിച്ചൽ മാഷ് രണ്ടും മിച്ചെൽ സ്റ്റാർക്, ജോഷ് ഹെയ്സെൽവുഡ് പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 

ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ ഡേവിഡ് വാർണറുടെയും 40 പന്തിൽ മൂന്നക്കം കടന്ന ഗ്ലെൻ മാക്സ്‌വെലിന്റെയും ഇന്നിങ്സുകളുടെ ബലത്തിലാണ് നെതർലൻഡ്സിനു മുന്നിൽ ഓസ്ട്രേലിയ 400 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് വാർണർ സഖ്യം കൂട്ടിച്ചേർത്ത 132 റൺസ് കങ്കാരുക്കൾക്ക് നിർണായകമായി. സ്മിത്തും മാർനസ് ലബൂഷെയ്നും അർധ സെഞ്ചുറി നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നാലാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ 9 റൺസുമായി ഓപ്പണർ മിച്ചൽ മാർഷാണ് ലോഗൻ വാൻബീകിന് വിക്കറ്റു സമ്മാനിച്ച് പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാർണർക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഓസീസ് ആദ്യ ഞെട്ടലിൽ നിന്നുണർന്ന് മുന്നോട്ടു നീങ്ങി. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. 24–ാം ഓവറിൽ വാൻഡെർ മെർവിന് ക്യാച്ച് നൽകി സ്റ്റീവ് സ്മിത്ത് മടങ്ങി. 68 പന്തു നേരിട്ട സ്മിത്ത് 71 റൺസെടുത്താണ് മടങ്ങിയത്.

അഞ്ചാം വിക്കറ്റിൽ വാർണർ – ലബൂഷെയ്ൻ സഖ്യം ഓസീസ് ഇന്നിങ്സിൽ 84 റൺസ് കൂട്ടിച്ചേർത്തു. 37–ാം ഓവറിൽ സ്കോർ 244ൽ നിൽക്കേ ലബൂഷെയ്നൻ (47 പന്തിൽ 62) മടങ്ങി. പിന്നാലെയിറങ്ങിയ ജോഷ് ഇംഗ്‌ലിസിനെ സാക്ഷിയാക്കി വാർണർ സെഞ്ചറി പൂർത്തിയാക്കി. പുറത്തായി. 93 പന്തിൽനിന്ന് 3 സിക്സും 11 ഫോറുമുൾപ്പെടെ 104 റൺ‌സാണ് വാർണർ നേടിയത്.

തുടർന്നിറങ്ങിയ ഗ്ലെൻ മാക്സ്‌വെൽ കളംനിറഞ്ഞതോടെ ഡച്ച് ബൗളർമാർ തലങ്ങും വിലങ്ങും ബൗണ്ടറി കടന്നു. 27 പന്തിലാണ് മാക്സ്‌വെൽ 50 പിന്നിട്ടത്. അടുത്ത 50 റൺസ് കണ്ടെത്താൻ മാക്സ്‌വെല്ലിന് വേണ്ടി വന്നത് 13 പന്തുകൾ മാത്രമാണ്. 44 പന്തിൽ 8 സിക്സും 6 ഫോറും ഉൾപ്പെടെ 106 റൺസ് നേടിയ മാക്സ്‌വെൽ, അവസാന ഓവറിലാണ് പുറത്തായത്. ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമിൻസിനൊപ്പം 103 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ ഇതിൽ 8 റൺസ് മാത്രമാണ് കമിൻസിന്റെ ബാറ്റിൽ നിന്ന് വന്നത് . 

മാർക്കസ് സ്റ്റോയിനിസിനു പകരം ഇറങ്ങിയ കാമറൂൺ ഗ്രീൻ 11 പന്തിൽ 8 റൺസ് നേടി റണ്ണൗട്ടായി. പാറ്റ് കമിൻസും (9 പന്തിൽ 12) ആദം സാംപയും (1) പുറത്താകാതെനിന്നു. നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻബീക് 4 വിക്കറ്റു വീഴ്ത്തിയപ്പോൾ ബാസ് ഡിലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.

Related Articles

Latest Articles