Friday, May 17, 2024
spot_img

തലസ്ഥാനത്തെ നിപ ആശങ്കയകന്നു ! തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഡിഎസ് വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരണം. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചത് . രോഗിയുടെ നില തൃപ്തികരമാണെന്നും സാധാരണപനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.

കടുത്ത പനിയെത്തുടര്‍ന്നാണ് തിരുവനന്തപുരം ഡെന്റല്‍ കോളേജ് വിദ്യാർത്ഥിയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ഐസൊലേഷനിലാക്കിയത്.

അതേസമയം മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ നിപയുടെ നാലാം വരവിൽ സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും (വ്യാഴവും വെള്ളിയും) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതെ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്നും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.

മുന്‍കരുതലിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ജാഗ്രതയോടെ മുന്നോട്ട് പോവുകയാണെന്നും ഭയപ്പെടേണ്ട ഒരു സ്ഥിതിയും നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് ഇന്നലെ രാത്രിയോടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെയാളുടെ ഫലം നെഗറ്റീവ് ആണ്. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു.

ഇതോടെ മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ നിപയുടെ നാലാം വരവിൽ സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിനു പുറമേ, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാത്രമല്ല കോഴിക്കോട് പത്ത് ദിവസത്തേക്ക് അതായത് ഈ മാസം 24 വരെ പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി

Related Articles

Latest Articles