Thursday, May 2, 2024
spot_img

കണ്ണീർക്കടലായി ലിബിയ !മഹാപ്രളയത്തിൽ 6,000 മരണം സ്ഥിരീകരിച്ചു; മരണസംഖ്യ 20000 വരെ ഉയരുമെന്ന് റിപ്പോർട്ട് !ആയിരങ്ങളെ കാണാതായി

കയ്റോ : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ ലിബിയയിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗതാഗത മാർഗങ്ങൾ പൂർണ്ണമായും തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തി തുടങ്ങിയിട്ടുണ്ട്. മരണസംഖ്യ 20,000 വരെ കടക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ആയിരങ്ങളെയാണ് കാണാതായിരുന്നത്.

പട്ടണത്തിലാകെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെരുവിലും വീടുകൾക്കുള്ളിലും കടൽത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഏഴായിരത്തിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇപ്പോഴും മൃതദേഹങ്ങൾ ശേഖരിച്ചുവരികയാണ്‌. കണ്ടെടുത്ത മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്‌. പ്രളയത്തിൽ മരിച്ച 84 ഈജിപ്തുകാരുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക്‌ അയച്ചു.

തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർണ. രാജ്യാന്തര ഏജൻസികൾ സഹായമെത്തിക്കുന്ന ബെൻഗാസിയിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണിത്. അയൽരാജ്യങ്ങളായ ഈജിപ്ത്‌, അൾജീരിയ, ടുണീഷ്യ, തുർക്കിയ, യുഎഇ എന്നിവ രക്ഷാസേനയെ അയച്ചിട്ടുണ്ട്‌. അടിയന്തര ധനസഹായം അയക്കുന്നതായി അമേരിക്ക പറഞ്ഞു.

Related Articles

Latest Articles