Friday, May 17, 2024
spot_img

സഭയിൽ സി പി എമ്മിന് നേരെ അമ്പെറിയാൻ പ്രതിപക്ഷം; നേതാക്കന്മാർക്കെതിരെയുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കും

തിരുവനന്തപുരം : ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്.

കാപ്പ തടവുകാരനായി അറസ്റ്റു ചെയ്യപ്പെട്ട ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയാണ് ആകാശിന്‌ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഴക്കുന്ന് പോലീസ് തലശേരി കോടതിയിൽ സമർപ്പിച്ച ഹർജി വാദം കേൾക്കാനായി മാർച്ച് എട്ടിലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചു പോലീസ് നൽകിയ ഹർജിയിലാണ് കോടതി വാദം കേൾക്കുക.

Related Articles

Latest Articles