Sunday, May 19, 2024
spot_img

കണമലയിലെ ജനകീയ സമരം അവസാനിപ്പിച്ചു ! കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായമായി; ബിജുവിനെ കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും; കുടുംബത്തിന് സാമ്പത്തിക സഹായവും മക്കളിലൊരാൾക്ക് സർക്കാർ ജോലിയും ഉറപ്പാക്കും

തുലാപ്പള്ളിയിൽ കർഷകനായ ബിജുവിനെ കാട്ടാന ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ചുള്ള കണമലയിലെ ജനകീയ സമരം അവസാനിപ്പിച്ചു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ബിജുവിനെ കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നല്‍കും. 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. കളക്ടർ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർഎത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കളക്ടർ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.

Related Articles

Latest Articles