Monday, May 6, 2024
spot_img

“രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചത് !” – ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ മോർഫ് ചെയ്ത് നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പോലീസ് കേസെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനെതിരേയാണ് കേസ്. ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലസ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നില്‍ വി ഡി സതീശനാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു.

എൽഡിഎഫ് കൺവീനറായ ഇപി ജയരാജനും താനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം തള്ളി കളഞ്ഞിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നുവെന്നും പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും അതാണ് അവരുടെ രാഷ്ട്രീയമെന്നും തുറന്നടിച്ചു.

വിഡി സതീശന്‍റെ ആരോപണംഇപി ജയരാജനും തള്ളി. രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ലെന്നും പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണെന്നും ഫോണിലും സംസാരിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു.

Related Articles

Latest Articles