ഹൈദരാബാദ്: പീഡനക്കേസ് പ്രതിയായ സഹോദരനെ പിടികൂടാൻ വന്ന പോലീസ് അറസ്റ്റ് ചെയ്തത് ബിഗ് ബോസ് താരത്തിനെ! മയക്കുമരുന്ന് കൈവശം വച്ചതിനെ തുടർന്നാണ് മുൻ തെലുങ്ക് ബിഗ് ബോസ് മത്സരാർത്ഥിയും യൂട്യൂബറുമായ ഷൺമുഖ് ജസ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൺമുഖിന്റെ സഹോദരൻ സമ്പത്ത് വിനയ് പ്രതിയായ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് സമ്പത്ത് വിനയിയുടെ കാമുകി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമ്പത്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ യുവാവ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും മയക്കുമരുന്നു കണ്ടെത്തിയത്. തുടർന്ന് ഷൺമുഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന സമ്പത്തിനെയും കസ്റ്റഡിയിലെടുത്തെന്ന് പോലീസ് അറിയിച്ചു.

