Friday, May 3, 2024
spot_img

സാധാരണക്കാർ മുണ്ട് കൂടുതൽ മുറുക്കിയുടുക്കേണ്ടി വരും !സംസ്ഥാനത്ത് അരിവില ഇനിയും കൂടിയേക്കും ! വില വർധനയ്ക്കുള്ള സാഹചര്യമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് അരിവില ഉയർന്ന നിലയിൽ തുടരുന്നതിൽ പൊതുജനം ദുരിതമനുഭവിക്കുന്നതിനിടെ വിലയിൽ വീണ്ടും വർധന ഉണ്ടായേക്കുമെന്ന സൂചന നൽകി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാന ഭക്ഷ്യവകുപ്പ് നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈകോയ്‌ക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാനായി ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ധനമന്ത്രിക്ക് കൈക്കൊടുക്കാതെ ജി ആർ അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സബ്‌സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52കോടി രൂപയുടെ സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ള 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ് സപ്ലൈ‌കോ. വിതരണക്കാർ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വിൽപ്പനശാലകളിൽ പല സാധനങ്ങളും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. സംസ്ഥാന ബഡ്‌ജറ്റിൽ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദില്ലിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധിഅദ്ദേഹം തുറന്നു പറഞ്ഞത്.

‘ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബഡ്‌ജറ്റിൽ വേണം. മന്ത്രിയെന്ന നിലയിൽ ചർച്ച നടത്തും. നിലവിൽ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതൽ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണുള്ളത്.’- ജി ആർ അനിൽ പറഞ്ഞു.

Related Articles

Latest Articles