Saturday, October 3, 2026

മഴ വീണ്ടും ശക്തിയാർജ്ജിക്കുന്നു; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിയാർജ്ജിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അല​ർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തലസ്ഥാനത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂർ കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles