Wednesday, May 8, 2024
spot_img

അടല്‍ സേതുവില്‍നിന്ന് കടലിലേക്ക് ചാടിയ വനിതാ ഡോക്ടർക്കായുള്ള തെരച്ചിൽ മൂന്നാം ദിനവും പുരോഗമിക്കുന്നു ! വീട്ടിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ അടല്‍ സേതുവില്‍നിന്ന് കടലിലേക്ക് ചാടിയ വനിതാ ഡോക്ടർക്കായുള്ള തെരച്ചിൽ മൂന്നാം ദിനവും പുരോഗമിക്കുന്നു. ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ എന്ന 43കാരിയാണ് തിങ്കളാഴ്ച വൈകുന്നേരം പാലത്തില്‍ നിന്ന് ചാടിയത്. ടാക്‌സി കാറില്‍ പാലത്തിലെത്തിയ വനിതാ ഡോക്ടർ ഡ്രൈവറെ നിർബന്ധിപ്പിച്ച് വാഹനം നിര്‍ത്തിയ ശേഷം പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടേത് ആത്മഹത്യയാണെന്നും വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ഇവർ പരേലിലെ അപ്പാര്‍ട്ട്‌മെന്റില്‍ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിന് സമീപത്തു നിന്ന് ടാക്‌സി വിളിച്ച കിഞ്ജാല്‍ , അടല്‍ സേതുവിലേക്ക് പോകാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ കയറി അല്പദൂരം മുന്നോട്ടു പോയതോടെ കാര്‍ നിര്‍ത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഡ്രൈവര്‍ വിസമ്മതിച്ചെങ്കിലും കിഞ്ജാല്‍ നിര്‍ബന്ധം പിടിച്ചതോടെ കാര്‍ നിര്‍ത്തുകയായിരുന്നു. ശേഷം കാറില്‍നിന്നിറങ്ങിയ കിഞ്ജാല്‍ പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ടാക്‌സി ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടർന്ന് നവി മുംബൈ പോലീസ് സ്ഥലത്തെത്തി. കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിൽ നിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പിതാവ് കണ്ടെടുത്തു. ജീവിതം അവസാനിപ്പിക്കാനായി അടല്‍ സേതുവിലേക്ക് പോവുകയാണെന്നാണ് കുറിപ്പിൽ എഴുതിയിരുന്നു. ഉടൻ തന്നെ പിതാവ് മുംബൈ ബോയ്വാഡ പോലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് അടല്‍സേതുവില്‍നിന്ന് ചാടിയത് ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ ആണെന്ന് സ്ഥിരീകരിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Articles

Latest Articles