Sunday, May 19, 2024
spot_img

‘ആ കാഴ്ച്ച ഉണ്ടാക്കിയ ഞെട്ടൽ മാറുന്നില്ല! ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ല’:കാൽവിൻ സ്കോൾട്ടൺ

കോവളം:നല്ല ആൾക്കാർ,സമാധാന അന്തരീക്ഷം, ശുദ്ധവായു, നല്ല ഭക്ഷണം അങ്ങനെ കോവളം ഏറെ ഹൃദ്യമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസത്തെ ഭീകര സംഭവത്തോടെ ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള മതിപ്പും സ്നേഹവും തകർന്നുവെന്ന് കാൽവിൻ സ്കോൾട്ടൺ.ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്ന് കോവളം വിടാനൊരുങ്ങുന്ന ഈ നെതർലൻഡ്സ് സ്വദേശി പറഞ്ഞു കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് സവാരിയെ ചൊല്ലി സ്വകാര്യ വാഹനത്തിന്റെയും ടാക്സിയുടെയും ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവിൻ ക്രൂരമർദ്ദനത്തിനിരയായത്.

കാറിൽ നിന്നു വലിച്ചിറക്കിയ തന്നെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ തലങ്ങും വിലങ്ങുമായി മർദ്ദിക്കുകയായിരുന്നുവെന്ന് കാൽവിൻ വേദനയോടെ പറഞ്ഞു. ദേഹമാസകലം വേദനയാണ്. അങ്ങിങ്ങു മുറിവുകളുമുണ്ട്. അനാരോഗ്യമുള്ള പിതാവിന് മർദ്ദനമേൽക്കാത്തതിൽ ആശ്വസിക്കുകയാണ് കാൽവിൻ. ഇതാദ്യമായി ഒരു വർഷത്തെ ടൂറിസം വീസയിൽ എത്തിയ തനിക്ക് മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളെക്കാൾ ഏറെ ഇഷ്ടം കേരളവും കോവളവുമായിരുന്നു.കുറച്ചു ദിവസങ്ങൾക്കുള്ളിൽ പരിചയപ്പെട്ട ബീച്ചിലെ പഴക്കച്ചവടം നടത്തുന്ന വനിതയെ തന്റെ മാതാവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത്. ഇത്തരത്തിൽ ഇവിടുത്തെ ഓരോരുത്തരെയും ഇഷ്ടപ്പെട്ടു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഈ നാടിനോടുള്ള മമത തീർത്തും ഇല്ലാതായി എന്നു കാൽവിൻ പറഞ്ഞു.

ഇനി ഇന്ത്യയിലേക്കില്ലന്നും ഇനിയും ഇതു പോലെ സംഭവിക്കില്ലെന്ന് എന്താണുറപ്പെന്നും ഇയാൾ ചോദിക്കുന്നു.പിടി കൂടിയതിനു പിന്നാലെ ഇവിടെ പ്രതിക്ക് ജാമ്യം നൽകിയെന്നതും കാൽവിനെ ഭയപ്പെടുത്തുന്നു. തന്റെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നുവെന്നും കാൽവിൻ പറഞ്ഞു.

Related Articles

Latest Articles