Saturday, May 18, 2024
spot_img

കോസ്റ്റ് ​ഗാർഡിനെ കണ്ട കള്ളക്കടത്തുകാർ 17 കിലോ സ്വർണ്ണം കടലിലെറിഞ്ഞു;മുങ്ങിയെടുത്ത് സ്കൂബാ സംഘം

മധുര: കള്ളക്കടത്തുകാർ കടലിലെറിഞ്ഞ 10.5 കോടി രൂപ വിലമതിക്കുന്ന 17.74 കിലോ സ്വർണ്ണം
ഇന്ത്യൻ കോസ്റ്റ് ഗാർഡ് വീണ്ടെടുത്തു.കഴിഞ്ഞ ദിവസം മധുരക്ക് സമീപത്തെ രാമനാഥപുരത്താണ് ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ മൂന്ന് പേർ ചേർന്ന് നടത്തിയ സ്വർണ്ണക്കടത്ത് നീക്കം പരാജയപ്പെടുത്തിയത്.

ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിൽ സ്വർണ്ണം കടത്തുകയായിരുന്നു സംഘം. ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയപ്പോൾ രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്ത് ഇവർ സ്വർണം കടലിൽ എറിഞ്ഞു. സ്വർണം വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ സ്‌കൂബാ ഡൈവർമാരെ വിന്യസിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ സ്കൂബാ സംഘം സ്വർണ്ണം വീണ്ടെടുത്തു.

ശ്രീലങ്കയിൽ നിന്ന് മണ്ഡപം തീരത്തേക്ക് സ്വർണ്ണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മയക്കുമരുന്ന്, ബീഡി ഇലകൾ, വളങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അനധികൃതമായി കടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഡിആർഐയുടെ സംയുക്ത സംഘത്തോടൊപ്പം ഒരു ഇന്റർസെപ്റ്റർ ബോട്ട് വിന്യസിച്ചു. ബുധനാഴ്ച രാത്രി ഇന്റർസെപ്റ്റർ ബോട്ട് സംശയാസ്പദമായ ഒരു ബോട്ട് തടഞ്ഞുനിർത്തി. എന്നാൽ ബോട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ കള്ളക്കടത്തുകാർ സ്വർണ്ണം കടലിൽ എറിഞ്ഞതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

Related Articles

Latest Articles