ഇസ്ലാമാബാദ് : പാകിസ്ഥാൻ പാർലമെന്റിൽ എലിശല്യം രൂക്ഷം. എലികളെ തുരത്തുന്നതിനായി പാകിസ്ഥാൻ പാർലമെന്റ് ബജറ്റിൽ തുക വകയിരുത്തി. പാർലമെന്റിലെ സുപ്രധാന രേഖകളിൽ ഭൂരിഭാഗവും എലി ഇതിനോടകം തന്നെ തിന്ന് തീർത്തുവെന്നാണ് പുറത്തുവരുന്ന വിവരം.
പാകിസ്ഥാൻ ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താനാണ് ഇക്കാര്യം പുറത്തുവിട്ടത്.
2008 ൽ നടന്ന ഒരു യോഗത്തിന്റെ രേഖകൾ പരിശോധിക്കാനായി രേഖകൾ സൂക്ഷിച്ചിരിക്കുന്ന മുറി തുറന്നപ്പോഴാണ് എലികളെ കാണുന്നത്. അന്വേഷിച്ചെത്തിയ രേഖകൾ ഉൾപ്പെടെ ഭൂരിഭാഗവും എലികൾ നശിപ്പിച്ച നിലയിലാണ്. ഒന്നാം നിലയിലാണ് എലി ശല്യം രൂക്ഷമായിട്ടുള്ളത്. പാർട്ടിയുടെ സമ്മേളനങ്ങൾ നടത്തുന്ന മുറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസുമാണ് ഇവിടെയുള്ളത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും എലികൾ കരണ്ടു. എലികളെ തല്ലിക്കൊല്ലാനും മറ്റും ശ്രമിച്ചുവെങ്കിലും ജീവനക്കാരുടെ ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.
ഇതോടെ ബജറ്റിൽ 1.2 ദശലക്ഷം രൂപ വകയിരുത്തുകയായിരുന്നു. എലികളെ നശിപ്പിക്കാനായി ടെൻഡർ ക്ഷണിച്ച് സർക്കാർ വിവിധ പാകിസ്ഥാൻ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. പൂച്ചകളെ ഉപയോഗിച്ച് എലികളെ നശിപ്പിക്കാനാണ് നീക്കമിടുന്നത്. ഇതിനായി എലികളെ പിടിയ്ക്കുന്ന പൂച്ചകളെ ആവശ്യപ്പെട്ടാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

