Tuesday, April 30, 2024
spot_img

സംസ്ഥാനത്തെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് 12.5 ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു, പണം അനുവദിച്ചത് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവുവരുത്തി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കേന്ദ്ര മന്ത്രികൂടിയായ പ്രൊഫ കെ.വി. തോമസിന് സർക്കാർ ഓണറേറിയം അനുവദിച്ചു. 12.5 ലക്ഷം രൂപയാണ് ഓണറേറിയമായി ലഭിക്കുക. ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തിയാണ് 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ ഇറങ്ങിയത്.

പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഓണറേറിയമായി കെ.വി. തോമസിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ കെ.വി. തോമസിനെ സഹായിക്കുന്നതിനായി മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ.വി. തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെ.വി. തോമസ് കോൺ​ഗ്രസ് വിട്ടത്. പിന്നാലെ സി.പി.എം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ സി.പി.എമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.

Related Articles

Latest Articles