Tuesday, November 17, 2026

കമിതാക്കളെ വെടിവച്ച് കൊന്ന് മൃതദേഹങ്ങൾ കല്ല് കെട്ടി മുതലകളുള്ള നദിയിൽ ഒഴുക്കിവിട്ടു ! പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പിടിയിൽ; ദുരഭിമാനക്കൊലയെന്ന് സംശയം

ഭോപ്പാൽ : കമിതാക്കളെ വെടിവച്ചു കൊന്ന ശേഷം മൃതദേഹങ്ങളിൽ ഭാരമുള്ള കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ വലിച്ചറിഞ്ഞു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനെട്ടുകാരിയായ ശിവാനി തോമർ, ഇരുപത്തൊന്നുകാരനായ രാധേശ്യാം തോമർ എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പോലീസ് അധികൃതർ പറഞ്ഞു.

രാധേശ്യാമുമായുള്ള ശിവാനിയുടെ പ്രണയത്തെ എതിർത്തിരുന്ന ശിവാനിയുടെ വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ശിവാനിയുടെയും കുടുംബത്തിന്റെയും അയൽ ഗ്രാമമായ ബാലുപുരയിലാണ് രാധേശ്യാം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

രാധേശ്യാമിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും കാണാനില്ലെന്നു ചൂണ്ടിക്കാട്ടി രാധേശ്യാമിന്റെ പിതാവ് നൽകിയ പരാതിയാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ,അന്വേഷണത്തിൽ ഇവരെ കണ്ടതായി ആരും മൊഴി നൽകാതെ വന്നതോടെയാണ് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് പൊലീസിന് മനസിലായി. മാത്രമല്ല രാധേശ്യാമിന്റെ പിതാവ് നൽകിയ പരാതിയിൽ കമിതാക്കൾ കൊല്ലപ്പെട്ടുകാണുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.

ഇതോടെ ശിവാനിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ജൂൺ മൂന്നിന് ഇരുവരെയും വെടിവച്ചു കൊന്നശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വലിയൊരു കല്ലിൽക്കെട്ടി ചംബൽ നദിയിൽ ഒഴുക്കിയതായി മൊഴി നൽകി. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പൽ. ഇതോടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

Related Articles

Latest Articles