Friday, May 24, 2024
spot_img

അദ്ധ്യാപക സംഘടനകൾ മുഖം കടുപ്പിച്ചു, സർക്കാർ കീഴടങ്ങി ; സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഏപ്രിൽ 6ന് മധ്യവേനലവധി തുടങ്ങാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ മധ്യവേനലവധി മാർച്ച് 31ന് തന്നെ ആരംഭിക്കും. . 210 അദ്ധ്യയന ദിനങ്ങൾ ലഭിക്കാനായി ഏപ്രിൽ 6ന് അവധി തുടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അദ്ധ്യാപക സംഘടനകൾ തീരുമാനത്തിൽ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം.

പുതിയ തീരുമാനം പ്രകാരം 2023-24 അക്കാദമിക വർഷത്തെ അദ്ധ്യയന ദിനങ്ങൾ 205 ആയിരിക്കും. അതെ സമയം മുഴുവൻ ശനിയാഴ്ചകളും അദ്ധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണു പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്നു നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2023-24 അക്കാദമിക വർഷത്തിൽ 192 അദ്ധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് ആകെ 205 അദ്ധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. സംസ്ഥാനത്ത് ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് മധ്യവേനൽ അവധി ഏപ്രിൽ 6 മുതൽ ആയിരിക്കുമെന്ന് സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള സംസ്ഥാന പ്രവേശനോൽത്സവ വേദിയിലാണ് വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പഠനദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിനുവേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനൽ അവധിയിലെ ആദ്യ ആഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയത്. ഇതോടെ, മധ്യവേനൽ അവധി 7 ആഴ്ചയായി ചുരുങ്ങുന്ന സാഹചര്യം ഉണ്ടായി.
കേരള വിദ്യാഭ്യാസ ചട്ടത്തിൽ വേനൽ അവധിയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വിധികൾ സർക്കാർ മുഖവിലയ്ക്കെടുക്കണമെന്നും സംഘടനകൾ വാദിച്ചു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു.

Related Articles

Latest Articles