Wednesday, May 22, 2024
spot_img

‘ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ഭാഗമാണ്, എന്തിനാണ് ഇതിനെച്ചൊല്ലി തർക്കം?’ രാജ്‌നാഥ് സിംഗ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗമാണെന്നും പ്രതിപക്ഷം അതിനെ വോട്ട് ബാങ്ക് രാഷ്‌ട്രീയം എന്ന് മുദ്രകുത്തി വിഷയം പെരുപ്പിച്ചു കാണിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമ കമ്മീഷൻ സിവിൽ കോഡിന്മേലുള്ള പൊതുജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും നിർദ്ദേശകളും തേടിയതിന് പ്രതിപക്ഷ പാർട്ടികൾ സിവിൽ കോഡിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളെ ശക്തമായി വിമർശിച്ചുകൊണ്ട്‌ രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. നരേന്ദ്രമോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡെറാഡൂണിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവിൽ കോഡ് നമ്മുടെ രാജ്യത്തെ മാർഗ്ഗ നിർദ്ദേശ തത്വങ്ങളുടെ ഭാഗമാണ്. എന്തിനാണ് ഇതിനെച്ചൊല്ലി തർക്കം. മദ്ധ്യപ്രദേശിലും ഗോവയിലും ഇതിനോടകം ഇത് സിവിൽ കോഡ് നടപ്പിലാക്കി. ഇപ്പോൾ നിയമ കമ്മീഷൻ രാജ്യത്തുടനീളം അഭിപ്രായങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഇതിനെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്ന് മുദ്രകുത്തുകയാണ്. രാഷ്‌ട്രീയ പ്രവർത്തനം നടത്തേണ്ടത് സർക്കാർ രൂപീകരിക്കാനല്ല മറിച്ച് സമൂഹവും രാഷ്‌ട്രവും കെട്ടിപ്പടുക്കാൻ വേണ്ടിയാകണമെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം സോദരരാണ്. മുസ്ലീം സമുഹത്തിൽ നിന്നും പലരും തങ്ങൾക്ക് വോട്ട് നൽകുന്നു. എന്നാൽ ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു. സർക്കാരിന് ഇവിടെ സാമൂഹിക സൗഹാർദ്ദമാണ് വേണ്ടത്. സർക്കാർ ഇവിടെ സാമൂഹിക സൗഹാർദ്ദം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles