കേരളത്തിലേക്ക് വൻതോതിൽ ഹവാലപ്പണം ഒഴുകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് കൊല്ലംമുതൽ മലപ്പുറംവരെയുള്ള ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 15 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാത്രി വൈകിയും നടക്കുന്ന റെയ്ഡിൽ ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് ഉള്ളത്.
10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്തകാലത്തായി എത്തിയെന്നാണ് ഇ.ഡി മൂന്നുവർഷമായി നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്ത് വൻതോതിൽ ഹവാല ഇടപാട് നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. അതേസമയം, ഇന്നലെ വൈകിട്ടോടെയാണ് ഒരേസമയം കേരളത്തിലെ 15 ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഹവാലയ്ക്കായി ഇ.ഡി സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് കൂടിയാണിത്.
ഹവാല പണമെത്തുന്ന പ്രധാനകേന്ദ്രങ്ങൾ കൊച്ചിയും കോട്ടയവുമാണ്. കൊച്ചിയിൽ പെന്റാമേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്‌സസറീസ് മൊത്തവിൽപ്പനശാല, ബ്രോഡ്‌വേയ്ക്ക് സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്തവിൽപ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഭാഗങ്ങളിലെ ട്രാവൽ ഏജൻസികൾ, തുണിത്തരങ്ങളുടെ വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കൊച്ചിയിലെ പെന്റാമേനകയിൽ മാത്രം ദിവസം 50 കോടിരൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്ന് ഇ.ഡി കണ്ടെത്തി.
അതേസമയം, രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇ.ഡി. സ്ഥിരീകരിച്ചിട്ടുണ്ട്. മണിഎക്‌സ്‌ചേഞ്ചുകൾ, ജൂവലറികൾ, തുണിക്കടകൾ, മൊബൈൽ വിൽപ്പനശാലകൾ, ട്രാവൽ ഏജൻസികൾ, വിലയേറിയ സമ്മാനങ്ങൾ വിൽക്കുന്നയിടങ്ങൾ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്ന കേന്ദ്രങ്ങളെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കൂടാതെ അമ്പതോളം രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ഹവാലപ്പണം എത്തുന്നതായി ഇ.ഡി. ഉന്നതവൃത്തങ്ങൾ പറയുന്നു. 10,000 കോടിരൂപയുടെ ഹവാലയെന്നത് ഏകദേശ കണക്കാണെന്നും റെയ്ഡ് പൂർത്തിയായാൽ ഇതിനേക്കാൾ കൂടുതൽ കണ്ടെത്താനിടയുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.

