Saturday, May 4, 2024
spot_img

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന് പറഞ്ഞ അമേരിക്കയ്ക്ക് കൃത്യ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ദില്ലി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് കൃത്യമായ ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭാരതത്തിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും, അമേരിക്കയുടേതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ ഇന്ത്യയ്ക്കും തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇന്ത്യ-യു.എസ് 2+2 മന്ത്രിതല യോഗത്തില്‍, മനുഷ്യാവകാശ പ്രശ്‌നം ഒരു ചർച്ചാ വിഷയമായില്ലെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു.ഇന്ത്യയിലെ സർക്കാർ, പോലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ വർദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നായിരുന്നു കഴിഞ്ഞ ദിവസം യു.എസ് പറഞ്ഞത്. യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ ആയിരുന്നു ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന് ആരോപിച്ചത്.

എന്നാൽ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ചും, വോട്ട് ബാങ്കിനെ കുറിച്ചുമെല്ലാം ഉള്ള നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യയ്ക്കും തുല്യ അവകാശമുണ്ടെന്ന് ജയശങ്കര്‍ കൂട്ടിച്ചേർത്തു.അതേസമയം ഇന്ത്യയും യു.എസും തമ്മില്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച നടന്നില്ലെന്നും ചര്‍ച്ചയുണ്ടെങ്കില്‍ നിലപാട് പറയാന്‍ ഇന്ത്യക്ക് മടിയില്ലെന്നും ജയശങ്കർ വ്യക്തമാക്കി. മാത്രമല്ല മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരികയാണെങ്കിൽ, അപ്പോൾ കൃത്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചുള്ള ഒരു നിര്‍ദേശവും ഇന്ത്യ ഉന്നയിച്ചില്ലെന്നും ജയശങ്കർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles

Latest Articles