Sunday, April 28, 2024
spot_img

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് വിശ്വ ഹിന്ദു പരിഷത്ത് നാളെ സ്വീകരണം നൽകും; പരിഷത്തിന്റെ സംഘടനാ സംവിധാനത്തിലൂടെ അക്ഷതമെത്തുക കോടാനുകോടി ഭവനങ്ങളിൽ

അയോദ്ധ്യയിലെ പുണ്യഭൂമിയിലുയരുന്ന രാമ ക്ഷേത്രത്തിൽ വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുന്‍പു നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് നാളെ രാവിലെ 10 മണിക്ക് വിശ്വ ഹിന്ദു പരിഷത്ത് കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് സ്വീകരണം നൽകും. വിശ്വഹിന്ദു പരിഷത്ത് സംഘടനാ സംവിധാനത്തിലൂടെ അക്ഷതം കോടാനുകോടി വീടുകളിലെത്തിക്കും.

വരുന്ന ജനുവരി 22-നാണ് അയോദ്ധ്യയില്‍ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ താല്‍ക്കാലിക ക്ഷേത്രത്തില്‍നിന്ന് പുതിയ ക്ഷേത്ര ശ്രീകോവിലിലേക്ക് കാല്‍നടയായി ശ്രീരാമ വിഗ്രഹം വഹിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് റിപ്പോർട്ടകൾ നേരത്തെ പുറത്തു വന്നിരുന്നു. താല്‍ക്കാലിക ക്ഷേത്രത്തില്‍ നിന്ന് പുതിയ ക്ഷേത്ര ശ്രീകോവിലിലേക്കുള്ള 500 മീറ്ററോളം ദൂരം വിഗ്രഹം കൈയിലേന്തി അദ്ദേഹം നടക്കുമെന്ന് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തു.

താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീരാമ വിഗ്രഹം അവിടെനിന്ന് പുതിയ ശ്രീകോവിലിലേക്ക് എത്തിക്കാനുള്ള നിയോഗം പ്രധാനമന്ത്രിക്കു നല്‍കാനാണ് ക്ഷേത്ര ട്രസ്റ്റ് തീരുമാനമെന്നാണ് വിവരം. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അനുഗമിക്കും. ആര്‍എസ്എസ് സർ സംഘ്ചാലക് മോഹൻജി ഭാഗവത് ഉള്‍പ്പെടെ നിരവധി പ്രമുഖരും ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ ക്ഷേത്ര സന്നിധിയിലുണ്ടാകും.

പ്രാണ പ്രതിഷ്ഠയില്‍ പ്രധാനമന്ത്രിയാവും ചുമതല വഹിക്കുകയെന്നും സൂചനയുണ്ട്. ശേഷം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പുരോഹിതന്മാര്‍ പങ്കെടുക്കും. വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെമ്പാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും വേണ്ട തയാറെടുപ്പ് നടത്താൻ ആര്‍എസ്എസ് സർ സംഘ്ചാലക് മോഹൻജി ഭാഗവത് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.രാജ്യമെമ്പാടുമുള്ള എണ്ണായിരത്തോളം പേരെയാണ് ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കുക. ഇതില്‍ മൂവായിരം ക്ഷണിതാക്കള്‍ സന്യാസിമാരും പുരോഹിതരുമായിരിക്കും. പ്രമുഖ വ്യവസായികള്‍, ബിസിനസുകാര്‍, പ്രഫഷനലുകള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ക്കും ചടങ്ങിൽ ക്ഷണമുണ്ടാകും.

Related Articles

Latest Articles