Monday, April 29, 2024
spot_img

സംസ്ഥാനത്ത് തീയറ്ററുകൾ വീണ്ടും അടച്ചുപൂട്ടുമോ? ഇന്നറിയാം…

കൊച്ചി: അതിതീവ്ര കോവിഡ് വ്യാപനത്തിലാണ് (Covid Spread) നമ്മുടെ സംസ്ഥാനം. ഈ പ്രതികൂല സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് തീയറ്ററുകൾ സജീവമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ ഈ കോവിഡ് പശ്ചാത്തലത്തിൽ സി കാറ്റഗറിയിലെ ജില്ലകളിൽ സിനിമ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തീയറ്ററുകൾ തുറക്കില്ലെന്നും, തുറന്നാൽ രോഗവ്യാപനം കൂടുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ അടച്ചിട്ട എസി ഹാളിനുള്ളിൽ രണ്ട് മണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് അപകടകരമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ആളുകൾ ഒത്തുകൂടുന്ന മാളുകൾക്കടക്കം നൽകിയ ഇളവ് വിവേചനപരമായ തീരുമാനമാണെന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളിൽ സിനിമ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

Related Articles

Latest Articles