Wednesday, May 22, 2024
spot_img

തെച്ചിക്കോട്ട് രാമചന്ദ്രന്‍ കൊന്നത് 13 പേരെ; തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നൽകാനാവില്ലെന്ന് കളക്ടര്‍

തൃശൂര്‍: കേരളത്തിലെമ്പാടും ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ വിലക്ക്. തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാന്‍ സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ പൂരത്തിന് എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും ടി.വി അനുപമ വ്യക്തമാക്കി.

ചെറിയ ശബ്ദം പോലും കേട്ടാല്‍ ഭയക്കുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരിയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമാണ്. ഈ ആവശ്യവുമായി ആനപ്രമികളുടെ സംഘടനകള്‍ ഓഫീസുകള്‍ കയറി ഇറങ്ങി. എന്നാല്‍, ഇപ്പോഴത്തെ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയായി.

അമ്പത് വയസ് പ്രായത്തിനുള്ളില്‍ രാമചന്ദ്രന്‍ 13 പേരെയാണ് കൊന്നത്. ഫെബ്രുവരി എട്ടാം തിയ്യതിയാണ് രാമചന്ദ്രന്‍ അവസാനമായി ഇടഞ്ഞത്. പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് രാമചന്ദ്രന്‍ ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇതിന് ശേഷം രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ആനപ്രേമികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles