Wednesday, May 29, 2024
spot_img

സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട് :സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊടുവള്ളി മണ്ണില്‍കടവിലെ ലിമ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്.കക്കോടി ആരതി ഹൗസില്‍ നവീന്‍ കൃഷ്ണ (19), പോലൂര്‍ ഇരിങ്ങാട്ടുമീത്തല്‍ കുഞ്ഞുണ്ണി എന്ന അഭിനന്ദ്(19) എന്നിവരാണ് പിടിയിലായത്.ഇവരെക്കൂടാതെ എരവന്നൂര്‍ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍കൂടി കേസില്‍ പിടിയിലാകാനുണ്ട്.

ഈ മാസം പതിനാലിനു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് പ്രതികൾ അകത്തുകയറി മോഷണം നടത്തിയത്.കൊടുവള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് തന്നെ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് ഉദ്യോസ്ഥരും പരിശോധന നടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് കൃത്യം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെകുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചു വരുന്ന പ്രതികളെ വ്യാഴാഴ്ച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നരിക്കുനിയില്‍ നിന്നും സൗത്ത് കൊടുവള്ളിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം നടത്തിയത് തങ്ങളാണെന്നും അതുകൂടാതെ പിലാശ്ശേരിയില്‍ പട്ടാപകല്‍ കടയില്‍ മോഷണം നടത്തിയതും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് വയനാട് ജില്ലയിലെ വൈത്തിരി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വെള്ളയില്‍, കുന്നമംഗലം, ചേവായൂര്‍, കാക്കൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

മാരകമായ ലഹരിക്കടിമപ്പെട്ട പ്രതികള്‍ സിന്തറ്റിക്ക് വിഭാഗത്തില്‍ പെട്ട മയക്കുമരുന്ന് വാങ്ങാന്‍ വേണ്ടിയാണ് മോഷണം നടത്തുന്നതെന്നു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ മേല്‍നോട്ടത്തില്‍ എസ് ഐ അനൂപ് അരീക്കര, എസ്‌ഐ പി. പ്രകാശന്‍, എസ്‌ഐ പി കെ അഷ്റഫ്, ജൂനിയര്‍ എസ്‌ഐ രശ്മി, എഎസ്‌ഐ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജ്, ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Related Articles

Latest Articles