Thursday, May 16, 2024
spot_img

‘രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്, വിഷയം തണുത്തു കഴിഞ്ഞാൽ പോലീസ് കള്ളക്കളി കളിക്കും’; സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരൻ. സിദ്ധാർത്ഥിൻ്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണ്. കേസിൽ ആദ്യം പോലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പോലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യായമായ സംശയം, വിഷയം തണുത്തു കഴിഞ്ഞാൽ പോലീസ് ഏതെങ്കിലും തരത്തിൽ കള്ളക്കളി കളിക്കുമോ എന്നതാണ്. പോലീസിന് മേൽ അത്രയധികം രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ഇത് വിലയിരുത്തുമ്പോൾ മരണത്തെ കുറിച്ച് കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

അതിനിടെ, വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പോലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും ജയപ്രകാശ് വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമം മാത്രമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു.

Related Articles

Latest Articles