Sunday, May 19, 2024
spot_img

ഫേഷ്യൽ ചെയ്ത ശേഷം നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ ? എങ്കിൽ കാത്തിരിക്കുന്നത് അപകടം

ഇന്നത്തെക്കാലത്ത് ബ്യൂട്ടി പാർലറുകളിൽ (Beauty Parlours) പോകാത്തവരായി ആരുമുണ്ടാവില്ല. ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരാണ്. ചർമത്തിൻറെ തിളക്കം കൂട്ടാനും മുടിയുടെ മനോഹാരിത വർധിപ്പിയ്ക്കാനുമെല്ലാം ശാശ്വത പരിഹാരം ലഭിയ്ക്കുന്നത് ബ്യൂട്ടി പാർലറുകളിൽ ആണെന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്.

എന്നാൽ പൂർണമായും സ്വന്തം സൗന്ദര്യത്തിന്റെ ഉത്തരവാദിത്തം ബ്യൂട്ടി പാർലറുകളെ ചുമതലപ്പെടുത്തിയവരുമുണ്ട്. പാർലറുകളിൽ ചെയ്യുന്ന സംരക്ഷണ പ്രവർത്തനങ്ങൾ മാത്രം മതിയെന്ന തെറ്റിധാരണ വലിയ പ്രശ്നമാണ്. പാർലറുകളിൽ നിന്ന് ഏതുതരത്തിലുള്ള സൗന്ദര്യ സംരക്ഷണ (Skin Care) രീതികൾ ചെയ്താലും സ്വയം ചില കാര്യങ്ങൾ അതിനു ശേഷം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ പല തരം സൗന്ദര്യ ചികിത്സകൾ ചെയ്യുന്നതിൻറെ ഫലം പൂർണമായി ലഭിയ്ക്കാതെ വരും. അല്ലെങ്കിൽ വിപരീത ഫലം ലഭിയ്ക്കാനും ചില അശ്രദ്ധകൾ വഴിവെയ്ക്കും. ബ്ലീച്ച്, വാക്സ് പോലുള്ളവ ചെയ്ത് കഴിഞ്ഞ ശേഷം ശ്രദ്ധിയ്ക്കേണ്ട ചില ചെറിയ, എന്നാൽ വലിയ കാര്യങ്ങളുണ്ട്. അത് അറിഞ്ഞില്ലെങ്കിൽ വിപരീത ഫലമായിരിക്കും നമ്മുക്ക് ഉണ്ടാകുക.

വാക്സിംഗ് ചെയ്ത ശേഷം ഇവ ചെയ്യരുത്

വാക്സിംഗ് ചെയ്ത ചർമത്തിൽ ചൂടേൽക്കുന്നത്: ചർമം വാക്സ് ചെയ്ത് മനോഹരമാക്കിയ ഉടൻ തന്നെ ചൂടേൽക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ചർമത്തിൽ തിണർപ്പുകളും പാടുകളും ഉണ്ടാകാൻ ഇടവരും. അതിനാൽ വാക്സിംഗ് കഴിഞ്ഞാൽ ഉടൻ ചൂടേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. അടുത്ത മൂന്നു ദിവസം പുറത്തിറങ്ങുന്നതും വെയിലേൽക്കുന്നതുമായ സാഹചര്യങ്ങൾ ഇല്ലാതിരിക്കണം. ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നതും ദോഷം ചെയ്യും. നീന്തലും പ്രശ്നമാകും: വാക്സിംഗ് ചെയ്ത ദിവസം തന്നെ, അല്ലെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ നീന്തൽ ഒഴിവാക്കുകയാണ് നല്ലത്. കാരണം ഇതിലെ ക്ലോറിൻ കലർന്ന വെള്ളത്തിൽ നിന്ന് ചർമത്തിന് പ്രശ്നമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പൂളിൽ നീന്തുന്നത് മാത്രമല്ല, ശരീരത്തിൽ ക്ലോറിൻ വെള്ളം കലരുന്നതിനുള്ള സാധ്യതകൾ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്.

ചർമം സ്ക്രബ് ചെയ്യുന്നത്:

വാക്സിംഗ് കഴിഞ്ഞ ദിവസത്തിലോ തൊട്ടടുത്ത ദിവസങ്ങളിലോ ചർമത്തിൽ സ്ക്രബ്ബ് ഉപയോഗിക്കാൻ പാടില്ല. ഇത് ദോഷം ചെയ്യും. ലൂഫാ ഉപയോഗിച്ച് ശരീരം കഴുകുന്നതും തല്ക്കാലത്തേയ്ക്ക് മാറ്റി വെയ്ക്കാം. രണ്ടു ദിവസമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള സ്ക്രബ്ബ് ഉപയോഗിക്കാൻ പാടുള്ളൂ.

വാക്സിങ്ങിന് ശേഷം ചെയ്യാവുന്നത്;

സൺ സ്ക്രീൻ ഉപയോഗിക്കാം:

വാക്സിംഗ് അല്ലെങ്കിൽ ത്രെഡിങ്ങ് ചെയ്ത ശേഷം സൂര്യപ്രകാശം നേർത്ത രീതിയിൽ പോലും എല്ക്കുന്നത് പ്രയാസമുണ്ടാക്കും. അതിനാൽ വാക്സ് പൂർണമായി നീക്കം ചെയ്ത ഉടൻ തന്നെ മികച്ച സൺ സ്ക്രീൻ ചർമത്തിൽ ഉപയോഗിക്കാനായി ശ്രദ്ധിക്കണം. കറ്റാർവാഴ ജെൽ: വാക്സിങ്ങിന് ശേഷം ചർമത്തെ ഏറ്റവും മികച്ച സംരക്ഷണ വലയത്തിൽ നിർത്താൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ലഭ്യമാണെങ്കിൽ ഫ്രഷ്‌ കറ്റാർവാഴയുടെ ജെൽ തന്നെയെടുത്ത് പുരട്ടുന്നതാണ് നല്ലത്.

ഐസ് ക്യൂബ് മസാജ്:

ഐസ് ക്യൂബ് ചർമത്തിലെ സുഷിരങ്ങൾ അടച്ചു വെയ്ക്കാനും മറ്റ് ചർമ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. അതിനാൽ വാക്സിങ്ങിന് ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് ചർമത്തിൽ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. അതല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നതും സമാനമായ ഫലം നൽകും.
ടീ ബാഗ്: പുരികത്തിന് മുകളിലും മേൽച്ചുണ്ടിന് മുകളിലും ചുവപ്പ് നിറം വരാനുള്ള സാധ്യത കൂടുതലുള്ളവർ വാക്സിംഗ് കഴിഞ്ഞ ശേഷം തണുപ്പിച്ച ടീ ബാഗ് ഈ ഭാഗങ്ങളിൽ വെയ്ക്കണം. 15 മിനിറ്റിനുള്ളിൽ തന്നെ ഈ പ്രശ്നം മാറിക്കിട്ടും.

ഫേഷ്യൽ ഗുണം നിലനിൽക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ:

ഫേഷ്യൽ ചെയ്യുന്നത് മുഖത്തെ ഗ്ലോ വർദ്ധിപ്പിയ്ക്കും. എന്നാൽ ഫേഷ്യൽ ചെയ്ത ശേഷം കൃത്യമായ രീതിയിൽ ശ്രദ്ധിച്ചാൽ മാത്രമേ ഇതിൻറെ ഫലം പൂർണമായി ലഭിക്കൂ. അതിനായി സാധാരണ ചെയ്യുന്ന ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

മേക്കപ്പ് വേണ്ട:

ഫേഷ്യൽ ചെയ്യുമ്പോൾ മുഖത്തെ സുഷിരങ്ങൾ തുറന്നിരിയ്ക്കും. ഇതിലെ അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ ഇത് സഹായിക്കും. എന്നാൽ ഈ സമയത്ത് മേക്കപ്പ് ഉപയോഗിക്കുന്നത് ചർമ സുഷിരങ്ങൾ അടയുന്നതിനും അതുവഴി മുഖക്കുരു, അക്നെ പോലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകും. അതിനാൽ ഫേഷ്യൽ ചെയ്തതിന് തൊട്ടടുത്തുള്ള 3 ദിവസമെങ്കിലും മേക്കപ്പ് ഉപയോഗിക്കാതിരിയ്ക്കുകയാണ് നല്ലത്.

വ്യായാമവും വേണ്ട:

വ്യായാമം ചെയ്യുമ്പോൾ ചർമത്തിലെ സുഷിരങ്ങളിൽ വിയർപ്പ് കണങ്ങൾ അടിഞ്ഞുകൂടാനും അത് മുഖക്കുരു പോലുള്ള അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ ഫേഷ്യൽ ചെയ്ത ഉടൻ വ്യായാമം ഒഴിവാക്കൂ.

പുറത്തിറങ്ങുന്നത് ഒഴിവാക്കാം:

ഫേഷ്യൽ ചെയ്ത ഉടൻ പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും വിപരീത ഫലമുണ്ടാക്കും. കാരണം ചർമ സുഷിരങ്ങൾ തുറന്നിരിയ്ക്കുന്നതിനാൽ അതിൽ പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്‌. മാത്രമല്ല, നിങ്ങൾ ഫേഷ്യൽ ചെയ്യാൻ സമയം തിരഞ്ഞെടുക്കുമ്പോൾ അത് വൈകിയ സമയം തിരഞ്ഞെടുക്കുകയാണെങ്കിൽ പൊടിപടലങ്ങൾ കയറുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.

സ്കിൻ കെയർ തൽക്കാലം വേണ്ട:

നിങ്ങളുടെ മുഖത്തിന് പരിചയമില്ലാത്ത സൗന്ദര്യ വാർധക വസ്തുക്കൾ കുറവായിരിയ്ക്കും, എന്നാൽ ഫേഷ്യൽ ചെയ്ത ഉടൻ ഇത്തരം കാര്യങ്ങളൊന്നും മുഖത്ത് ഉപയോഗിക്കാൻ ശ്രമിയ്ക്കരുത്. ഫേഷ്യലിന് ശേഷം വളരെ സെൻസിറ്റിവ് ആയി നിൽക്കുന്ന മുഖ ചർമത്തിൽ വീര്യം കൂടിയ കെമിക്കലുകൾ കലർന്ന ഉത്തപന്നങ്ങൾ ഉപയോഗിക്കുന്നതോടെ ഫലം വിപരീതമാകും. അതിനാൽ ഫേഷ് വാഷ്, ക്ലെൻസിംഗ് മിൽക്ക്, സ്ക്രബ്ബ്, ഫേസ് പാക്ക് പോലുള്ളവയോന്നും തന്നെ കുറച്ച് ദിവസത്തേയ്ക്ക് വേണ്ട.

സ്ക്രബ്ബ് ഒരാഴ്ച കഴിഞ്ഞ് മതി:

ചർമം സ്ക്രബ്ബ് ചെയ്യുന്നതിന് നിങ്ങൾ ഒരാഴ്ചയെങ്കിലും കാത്തിരിയ്ക്കുക, കാരണം ഫേഷ്യൽ ചെയ്യുന്ന സമയത്ത് മുഖത്തെ നിർജ്ജീവ കോശങ്ങൾ എല്ലാം തന്നെ നീക്കം ചെയ്തിട്ടുണ്ടാകും. അതിനാൽ ഉടൻ തന്നെ ഒരു സ്ക്രബ്ബ് ആവശ്യമില്ല.

മുഖത്ത് കൈ തൊടരുത്‌:

ഫേഷ്യൽ ചെയ്തെങ്കിൽ ഇടയ്ക്കിടെ മുഖം കൈ കൊണ്ട് തൊട്ട് നോക്കുന്ന ശീലം വേണ്ട. നിങ്ങളുടെ കൈകളിലെ ബാക്ടീരിയ മുഖത്ത് എത്താൻ ഇത് കാരണമാകും. അതുപോലെ തന്നെ നിങ്ങളുടെ തലയിണ കവർ, ബെഡ് ഷീറ്റ് എന്നിവ ഇടയ്ക്കിടെ മാറാനും ശ്രദ്ധിക്കണം.

മുഖം ബ്ലീച്ച് ചെയ്താൽ ഇവ ചെയ്യരുത്

കെമിക്കലുകൾ ഉപയോഗിക്കരുത്: ഫേസ് ബ്ലീച്ചിന് ഉപയോഗിക്കുന്നത് വളരെ വീര്യം കൂടിയ കെമിക്കലുകൾ ആണ്. അതുകൊണ്ട് തന്നെ മുഖ ചർമം വളരെ സെൻസിറ്റിവ് ആകും. ഈ സാഹചര്യത്തിൽ മറ്റ് കെമിക്കലുകൾ കൂടി മുഖത്ത് ഉപയോഗിക്കുന്നത് ചർമത്തിന് കേടുപാടുകൾ സംഭവിയ്ക്കാൻ കാരണമാകും.

വെയിലേൽക്കരുത്:

ബ്ലീച്ച് ചെയ്ത ചർമം വലിയ രീതിയിൽ സെൻസിറ്റിവ് ആകുന്നതിനാൽ വെയിൽ ഏൽക്കുമ്പോൾ ചർമത്തിൽ കൂടുതൽ പാടുകളും പോറലുകളും വീഴാനും ഇരുണ്ടു പോകാനും സാധ്യത കൂടുതലാണ്. അതിനാൽ ബ്ലീച്ച് ചെയ്ത ശേഷം കുറച്ച് ദിവസം വെയിലേല്ക്കാതിരിയ്ക്കാൻ ശ്രദ്ധിക്കണം.

വെള്ളം കുടിയ്ക്കാൻ മറക്കല്ലേ:

ഫേസ് ബ്ലീച്ച് ചർമത്തിൽ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ നിര്ജ്ജലീകരണം നടക്കാൻ സാധ്യതയുണ്ട്. അതിനാൽ ഫേസ് ബ്ലീച്ച് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം.

Related Articles

Latest Articles