കോഴിക്കോട് : തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയുടെ മരണമാണ് അവസാനമായി സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചിരുന്നു. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപകടത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിയോടാണ് ഗതാഗത മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തിൽ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായിട്ടുണ്ട്. നിലവിൽ ബസ് പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 40ലധികം പേരാണ് ബസിലുണ്ടായിരുന്നത്. പുഴയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

