തിരുവനന്തപുരം: കാലവർഷവും പ്രകൃതിക്ഷോഭവുമുണ്ടാക്കുന്ന ദുരന്തങ്ങളെ നേരിടാൻ വൻ സജ്ജീകരണങ്ങളുമായി തിരുവനന്തപുരം നഗരസഭ. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നഗരസഭ 75 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തനക്ഷമമായി. ഇതിന്റെ ഭാഗമായി നഗരസഭാ ജീവനക്കാർക്കായി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും ജീവനക്കാരുടെ പരിശീലന ഉദ്ഘാടനവും ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.
വരുന്ന മഴക്കാലത്ത് നഗരത്തിലുണ്ടാകാനിടയുള്ള വെള്ളപ്പൊക്കവും മറ്റ് കെടുതികളും അടിയന്തിരമായി പരിഹരിക്കാൻ നഗരസഭയുടെ ദുരന്തനിവാരണ സെൽ വഴിയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ഉപകരണങ്ങൾ വാങ്ങിയത്. വാട്ടർ പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കൽ വുഡ് കട്ടർ (മരം മുറിക്കുന്ന യന്ത്രം), ജനറേറ്റർ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ 25 എണ്ണം വീതവും, തീപിടുത്തങ്ങൾ നേരിടാൻ 40 ഫയർ എക്സ്റ്റിംഗ്യുഷറുകളുമാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ഇവ കാര്യക്ഷമമായി ഉപയോഗിക്കാൻ ഓരോ ഹെൽത്ത് സർക്കിളിലെയും 4 ജീവനക്കാർക്ക് വീതം ആകെ 100 പേർക്കാണ് ആദ്യഘട്ടത്തിൽ വിദഗ്ധ പരിശീലനം നൽകിയത്. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ രമാദേവി അദ്ധ്യക്ഷത വഹിച്ചു.
പൊലീസ് സ്റ്റേഷനുകളിലെ പഴയ വാഹനങ്ങൾ മാറ്റും; കടുത്ത നടപടികളുമായി മേയർ
അതേസമയം, തലസ്ഥാന നഗരിയിലെ വികസന-ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ വി. വി. രാജേഷ് ആഭ്യന്തര മന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചു. നഗരവാസികളും കോർപ്പറേഷനും ദീർഘനാളായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ സിറ്റി പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലെ പഴയ വാഹനങ്ങൾ മാറ്റുന്ന കാര്യത്തിൽ അനുകൂല തീരുമാനമായതായി മേയർ അറിയിച്ചു. സ്റ്റേഷനുകൾക്ക് മുന്നിൽ കുന്നുകൂടിക്കിടക്കുന്ന ഇത്തരം വാഹനങ്ങൾ ലഭ്യമായ മറ്റ് ഗ്രൗണ്ടുകളിലേക്ക് അടിയന്തിരമായി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാ പരിധിയിലെ പ്രധാന മാർക്കറ്റുകളും ചില മൈതാനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുമെന്നും മേയർ വ്യക്തമാക്കി. ഒപ്പം, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ രീതിയിൽ മാർഗ്ഗത്തടസ്സം സൃഷ്ടിച്ചുകൊണ്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതിനായി ആവശ്യമായ ദിവസങ്ങളിൽ പൊലീസ് സേവനം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിച്ചതായും മേയർ വി. വി. രാജേഷ് കൂട്ടിച്ചേർത്തു.

