Sunday, October 4, 2026

ആദ്യ ക്വാളിഫയറിൽ മാറ്റങ്ങളുമായി ഗുജറാത്ത്; ആർസിബി നിരയിൽ വിരാട് കോലിക്കൊപ്പം വെങ്കിടേഷ് അയ്യർ ഓപ്പൺ ചെയ്യും

ധരംശാല: ഐപിഎൽ 2026 സീസണിലെ ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഹൈവോൾട്ടേജ് മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബെംഗളൂരുവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ധരംശാലയിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്നവർക്ക് എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടി ഫൈനലിലെത്താൻ ഒരു അവസരം കൂടി (ക്വാളിഫയർ 2) ലഭിക്കും.

ആദ്യ ക്വാളിഫയറിനായി ഇറങ്ങുമ്പോൾ ഗുജറാത്ത് നിരയിൽ ഒരു മാറ്റമുണ്ട്. പേസർ അർഷദ് ഖാന് പകരം കുൽവന്ദ് കെജ്രോളിയ പ്ലേയിംഗ് ഇലവനിൽ ഇടം നേടി. മറുഭാഗത്ത് ആർസിബി കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇറങ്ങുന്നത്. സൂപ്പർ താരം വിരാട് കോലിക്കൊപ്പം വെങ്കടേഷ് അയ്യർ തന്നെയാകും ബെംഗളൂരുവിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക.

പോയിന്റിൽ ഒപ്പത്തിനൊപ്പം; കരുത്തരുടെ പോരാട്ടം
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരായ രണ്ട് ടീമുകളാണ് ആദ്യ ക്വാളിഫയറിൽ മാറ്റുരയ്ക്കുന്നത്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ നിന്ന് ബെംഗളൂരുവും ഗുജറാത്തും 18 പോയിന്റ് വീതം നേടി തുല്യത പാലിച്ചവരാണ്. മികച്ച റൺറേറ്റിന്റെ ആനുകൂല്യത്തിലാണ് ഒന്നിനും രണ്ടിനും സ്ഥാനക്കാരായി ഇരുടീമുകളും പ്ലേഓഫിലെത്തിയത്. ഈ സീസണിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ഏറ്റവും കുറച്ച് താരങ്ങളെ മാത്രം മാറ്റിമാറ്റി ഉപയോഗിച്ച ടീമുകൾ കൂടിയാണ് ആർസിബിയും ഗുജറാത്തും.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻ പ്രകടനം ആവർത്തിക്കുന്ന ആർസിബിയുടെ പ്രധാന കരുത്ത് റൺവേട്ടയിൽ മുന്നിലുള്ള വിരാട് കോലിയാണ്. ഒപ്പം ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പടിദാർ, ടിം ഡേവിഡ് എന്നിവർ മധ്യനിരയിൽ അതിവേഗം റണ്ണടിക്കാൻ ശേഷിയുള്ളവരാണ്. മറുഭാഗത്ത് ഈ സീസണിലെ റൺവേട്ടക്കാരിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവർ നൽകുന്ന തുടക്കമാവും ഗുജറാത്തിന് നിർണായകമാവുക. ജോസ് ബട്‌ലർ കൂടി ചേരുന്നതോടെ ഗുജറാത്തിന്റെ ബാറ്റിംഗ് ലൈനപ്പ് ശക്തമാകും.

ബൗളിംഗിലേക്ക് നോക്കിയാൽ ഈ സീസണിൽ 24 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാറും കാഗിസോ റബാഡയും നയിക്കുന്ന പേസ് പടയാണ് ഇരുഭാഗത്തുമുള്ളത്. ആർസിബിക്കായി ഭുവനേശ്വറിനൊപ്പം ജോഷ് ഹേയ്സൽവുഡ് കണിശതയോടെ പന്തെറിയുമ്പോൾ, ഗുജറാത്ത് നിരയിൽ റബാഡയ്ക്ക് കൂട്ടായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമുണ്ട്.

പ്ലേയിംഗ് ഇലവൻ അറിയാം:
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, കുൽവന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വെങ്കിടേഷ് അയ്യർ, വിരാട് കോലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹാസിൽവുഡ്, റാസിഖ് സലാം ദാർ.

Related Articles

Latest Articles